”കോടതിയിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ള കാര്യങ്ങളാണ് സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്നത്”; സ്കെച്ച് ആർട്ടിസ്റ്റ് കോപ്പിയടി വിവാദത്തിൽ മറുപടിയുമായി ശാന്തി മായാദേവി
1 min read

”കോടതിയിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ള കാര്യങ്ങളാണ് സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്നത്”; സ്കെച്ച് ആർട്ടിസ്റ്റ് കോപ്പിയടി വിവാദത്തിൽ മറുപടിയുമായി ശാന്തി മായാദേവി

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ നേര് എന്ന ചിത്രം കോപ്പിയടിച്ചതാണെന്ന വിവാദത്തിനെതിരെ പ്രതികരിച്ച് നടിയും നേരിന്റെ സഹ തിരക്കഥാകൃത്തുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി. ചിത്രത്തിന്റെ അവസാന ഭാഗമാണ് ഇപ്പോൾ എല്ലാവരും കോപ്പി ആണെന്ന് ആരോപിക്കുന്നത് എന്നാൽ ഒരു സീൻ മാത്രം വച്ച് കോപ്പിയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും സ്കെച്ച് ആർട്ടിസ്റ്റ് മുഴുവനായും കണ്ടിട്ട് വിമർശിക്കൂ എന്നുമാണ് ശാന്തി മായാദേവി പറയുന്നത്.

കോടതിയിൽ താൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നേരിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമക്കായി ഒരുപാട് റിസേർച്ച് നടത്തിയിരുന്നെന്നും ശാന്തി മായാദേവി വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശാന്തി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. താൻ ഇംഗ്ലീഷ് സിനിമകൾ കാണാറില്ലെന്നും ഈ സംഭവത്തിന് ശേഷമാണ് താൻ സ്കെച്ച് ആർട്ടിസ്റ്റ് കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

നേരിലേത് പോലെ സമാനമായ കേസുകൾ നിരവധി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമക്കായി ഒരുപാട് റിസേർച്ചുകൾ നടത്തിയിട്ടുണ്ട്. സിനിമക്കായി പല കോടതി വിധികളും, കേസ് നിയമങ്ങളും റഫർ ചെയ്തിരുന്നു- ശാന്തി മായാദേവി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ദ സ്‌കെച്ച് ആർട്ടിസ്റ്റ് 2 എന്ന ചിത്രത്തിലെ സീനുകളുമായി ബന്ധപ്പെടുത്തി നേര് സിനിമ കോപ്പിയടിയാണെന്ന് ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ഒൻപത് ദിവസം കൊണ്ടാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ആഗോള കളക്ഷനിൽ 50 കോടി പിന്നിട്ടത്. ക്രിസ്മസ് റിലീസായ സലാർ, ഡങ്കി എന്നീ സിനിമകളെ കളക്ഷനിൽ പിന്നിലാക്കിയാണ് നേര് മലയാളം ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയത്. മോഹൻലാലിന്റെ കരിയറിലെ ആറാമത്തെ അമ്പത് കോടി പിന്നിടുന്ന ചിത്രമാണ് നേര്.