തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളും ഐഎഫ്എഫ്കെയില്‍ ; എസ് ഹരീഷിന് മാത്രം സാധിച്ച അതുല്യനേട്ടം
1 min read

തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളും ഐഎഫ്എഫ്കെയില്‍ ; എസ് ഹരീഷിന് മാത്രം സാധിച്ച അതുല്യനേട്ടം

ചുരുളി, ജല്ലിക്കട്ട് എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത തിരക്കഥാകൃത്താണ് എസ് ഹരീഷ്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യുന്നത്. നാല്‍പ്പത്താറാമത് വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിനാണ് ലഭിച്ചത്. മീശ നോവലിനെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തുവന്നിരുന്നു. എന്നാലിപ്പോഴിതാ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എസ് ഹരീഷ്. ഹരീഷ് തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ് എഫ്‌കെയില്‍ എത്തുന്നത്.

‘നന്‍പകല്‍ നേരത്ത് മയക്കം’, ‘ജല്ലിക്കട്ട്’, ‘ചുരുളി’, ‘ഏദന്‍’ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഇതില്‍ ചുരുളി, ജല്ലിക്കട്ട് എന്നീ സിനിമകള്‍ കഴിഞ്ഞ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വന്‍ ഹിറ്റായിരുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും ഏറെ വിവാദങ്ങള്‍ നേരിട്ട് സിനിമകളാണ് ചുരുളിയും ജല്ലിക്കട്ടും. ശക്തമായ ഭാഷയുടെ പേരിലാണ് ഏറെ വിവാദങ്ങളില്‍ അകപ്പെട്ട ചിത്രം ചുരുളി. എന്നിട്ടും സിനിമ കാണുന്നതില്‍ നിന്നും ആഘോഷിക്കുന്നതില്‍ നിന്നും മലയാളികള്‍ മാറിയില്ല. സിനിമ മികച്ച മേക്കിങും കഥാതന്തുവും കൊണ്ട് നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേരളത്തിന് പുറത്തും വലിയ കൈയ്യടികള്‍ നേടിയിരുന്ന ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട്. പിന്നാലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എസ് ഹരീഷാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ സിനിമ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എല്‍ജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഏദന്‍ സഞ്ചു സുരേന്ദ്രനും മറ്റ് മൂന്ന് സിനിമകള്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍, വേള്‍ഡ് സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.