fbpx
Latest News

‘ഈ കഥ നിങ്ങൾ വിശ്വസിക്കാൻ പാടാണ്‌ പുഴു സിനിമയുടെ ലൊക്കേഷൻ…’ RJ സൂരജിന്റെ അനുഭവം; വൈറലായ കുറിപ്പ്

ജനപ്രിയ ടെലിവിഷൻ പ്രോഗ്രാം ആയ ബിഗ് ബോസിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ആർ.ജെ സൂരജ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് വൈറൽ ആയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും ടെലിവിഷൻ പരിപാടിയിലൂടെയും ഏറെ ശ്രദ്ധേയനായ സൂരജ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് വിവരിക്കുന്ന കുറിപ്പ് ഏതൊരു മമ്മൂട്ടി ആരാധകനും വലിയ ആവേശം നൽകുന്ന ഒന്നാണ്. ഇതിനോടകം മമ്മൂട്ടി ആരാധകർ ഏറ്റെടുത്ത് വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “ഈ കഥ നിങ്ങൾ വിശ്വസിക്കാൻ പാടാണ്‌ പുഴു സിനിമയുടെ ലൊക്കേഷൻ. ഷോട്ട്‌ കഴിഞ്ഞ്‌ അപാര ലുക്കിൽ മമ്മൂക്ക ദേ വരുന്നു… നേരെ കാരവാനിലേക്കാവും.. തൊട്ടടുത്ത പാർക്കിംഗിൽ ആരുടെയോ സ്കൂട്ടിയും ചാരി നിന്ന ഞാൻ ചാടി എണീറ്റു…ദൈവമേ മമ്മൂക്ക മോശം മൂഡിലായിരിക്കുമോ..! കണ്ടിട്ടും മൈന്റാക്കാതെ കാരവാനിലേക്ക്‌ പോയാൽ അതുറപ്പിക്കാം.. പക്ഷേ… നേരെ വന്ന് ആ ചാരി നിന്ന സ്കൂട്ടിയുടെ ഹാന്റിലും പിടിച്ച്‌ നടുവിന്‌ കൈയ്യും കൊടുത്ത്‌ മലയാളസിനിമയുടെ മെഗാസ്റ്റാർ ചോദിച്ചു..

“എന്താടോ ഖത്തറിൽ റേഡിയോയൊക്കെ പൂട്ടീട്ടാണോ വന്നേക്കുന്നേ..”

“അല്ല മമ്മൂക്കാ. വെക്കേഷൻ വന്നതാ..”

“അപ്പൊ ഇനിയെന്താ പരിപാടികൾ..”

“അങ്ങനൊന്നുല്ല.. കറങ്ങി നടക്കുന്നു..”

“ഉം..”

വായടക്കാതെ സംസാരിക്കുന്ന എനിക്ക്‌ പിന്നൊന്നുല്ല പറയാൻ..! ഇതിനു മുന്നെ മമ്മൂക്കയെ നേരിൽ കണ്ട്‌ സംസാരിച്ചത്‌ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച്‌ പ്രീസ്റ്റ്‌ സിനിമയുടെ ഓവർസ്സീസ്‌ ഡിസ്റ്റ്രിബ്യൂഷനുമായി ബന്ധപ്പെട്ടായിരുന്നു… പിന്നീട്‌ വാട്സാപ്‌ വഴി വല്ലപ്പോഴുമുള്ള പരിചയം പുതുക്കൽ മാത്രം.. ഒരു ഫോട്ടോ എടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്‌.. പക്ഷേ ഇത്രേം കൂളായി വിശേഷങ്ങൾ ചോദിച്ച്‌ മുന്നിൽ നിൽക്കുന്ന മമ്മൂക്കയോട്‌ ഫോട്ടോ എടുത്തോട്ടേന്ന് ചോദിച്ചാൽ ചിലപ്പൊ അപ്പൊ തന്നെ ഒരു പടത്തിനു ചുമ്മാ പോസ്‌ ചെയ്ത്‌ മമ്മൂക്ക അങ്ങു പോയാലോ..! മൂന്നോ നാലോ തലമുറകളിലായി ആരാധക കോടികളുള്ള മെഗാ സ്റ്റാർ ഈ എന്റെ കൂടെ ഒരു ഫ്ലാറ്റിന്റെ താഴെയുള്ള പാർക്കിംഗിൽ ചുമ്മാ കാറ്റും കൊണ്ട്‌ വിശേഷവും ചോദിച്ച്‌ ഈസിയായി നിൽപ്പാണ്‌.. ഇങ്ങനൊരു നിമിഷം എത്രയും കൂടുതൽ നേരം ആസ്വദികാനാകും എന്നത്‌ മാത്രമായിരുന്നു എന്റെ മനസിൽ..

‘സുഖാണോ മമ്മൂക്കാന്ന്’ ചോദിച്ചാലോ..! ഏയ്‌ വേണ്ടാ ഒരുക്ലീഷേ ചോദ്യായിപ്പോകും.. ‘ആ സുഖം’ എന്ന് പറഞ്ഞ്‌ പുള്ളി പൊയ്ക്കളഞ്ഞാലോ..!

അങ്ങനെ എന്റെ മനസിൽ ആയിരം ചിന്തകൾ.. കുറച്ച്‌ സെക്കന്റുകളിലെ മൗനം..! ഇടയിൽ , മുഖം ലേശം താഴ്‌തി കണ്ണുകളുയർത്തി കണ്ണടക്കു മുകളിലൂടെ നോക്കി മമ്മൂക ചോദിച്ചു..

“ഫോട്ടോ എടുക്കണോ..”

ആ ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു..! എന്റെ മുഖത്തെ ആഗ്രഹസാഗരം മനസിലാക്കി‌ മമ്മൂക്ക അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ രോഹിത്തിനെ വിളിച്ചു അവന്റെ ക്യാമറയിൽ ഒരു പടം എടുപ്പിച്ചു..!!!

ഹൊ.. ദാറ്റ്‌ രോമാഞ്ചിഫിക്കേഷൻ മൊമന്റ്‌..!!

ശേഷം മമ്മൂക്ക കോസ്റ്റ്യൂം ചേഞ്ചിന്‌ കാരവാനിലേക്ക്‌ പോയി..!

ഹോം സിനിമയിൽ ഇന്ദ്രേട്ടൻ പറഞ്ഞത്‌ പോലെ ഇത്രയും നിങ്ങൾക്ക്‌ വിശ്വാസമായില്ലെങ്കിൽ ഇനി പറയുന്നത്‌ നിങ്ങൾ ഒട്ടും വിശ്വസിക്കില്ല..!

ലഞ്ച്‌ ബ്രേക്ക്‌ ആയിരുന്നു.. പ്രൊഡക്ഷൻ ഫുഡുമായി ആളുകൾ ഓടി നടക്കുന്നു.. എറണാകുളത്തുനിന്ന് കുറച്ച്‌ ദൂരെയായിരുന്നു ലൊക്കേഷൻ.. രാവിലെ ഉറങ്ങി എണീറ്റയുടൻ റെഡിയായി ഇറങ്ങിയതാണ്‌ ഒന്നും കഴിച്ചിട്ടില്ല..

മമ്മൂക്കയുടെ ഒരു പേർസ്സണൽ അസിസ്റ്റന്റ്‌ വന്ന് ഫുഡ്‌ കഴിക്കാൻ ആ കാരവാനിക്ക്‌ ക്ഷണിച്ചു..!! പക്ഷേ മമ്മൂക്കയെ കാണാൻ അവരുടെ ഷൂട്ടിംഗ്‌ ലൊക്കേഷനിൽ പോയിട്ട്‌ അവരുടെ ഫുഡും കഴിച്ച്‌ പോകുന്നത്‌‌ മോശല്ലേ… വിശപ്പുണ്ടെങ്കിലും ഏയ്‌ വേണ്ടാന്ന് പറഞ്ഞു..

കുക്ക്‌ വന്ന് രണ്ട്‌ ചെയർ കൂടി ഇട്ട്‌ രണ്ട്‌ പ്ലേറ്റും തന്നു..! ദൈവമേ ഞാൻ മെഗാസ്റ്റാർ മമ്മൂക്കക്കൊപ്പം ഫുഡ് കഴിക്കാൻ പോകുവാണോ..! ഈ മനുഷ്യനെയാണോ ഗൗരവക്കാരനാണ്‌ ജാഡക്കാരനാണ്‌ എന്നൊക്കെ പലരും പറഞ്ഞ്‌ കേട്ടിട്ടുള്ളത്‌. മമ്മൂക്ക കഴിക്കുന്ന റാഗി പുട്ടൊക്കെ ടേസ്റ്റ്‌ ചെയ്ത്‌ ലഞ്ച്‌ കഴിഞ്ഞപ്പൊഴേക്ക്‌ ജോർജ്ജേട്ടൻ കയറി വന്നു.. അദ്ദേഹം പ്രൊഡ്യൂസ്‌ ചെയ്യുന്ന സിനിമയാണ്‌ പുഴു.. ജോർജ്ജേട്ടൻ വന്നപ്പൊ ഞങ്ങൾ പുറത്തേക്ക്‌ ഇറങ്ങിയാലോന്ന് കരുതിയപ്പൊ ജോർജ്ജേട്ടൻ തന്നെ ഇരിക്കാൻ പറഞ്ഞു.. മമ്മൂക്കയോട്‌ എന്തോ പറഞ്ഞ്‌ അദ്ദേഹം പുറത്തേക്ക്‌ പോയി..

പിന്നീട്‌ നടന്നത്‌ സ്വപ്നമായിരുന്നു. മമ്മൂക്കയുടെ മുന്നിലെ ടിവി യിൽ യൂടൂബ്‌ ഓപ്പണായി ഇരിക്കുന്നു.അതിൽ പലപല വീഡിയോകൾ. നമ്മളിലെ സാധാരണക്കാരുടെ വീഡിയോകൾ. വ്ലോഗർമ്മാരുടെ വീഡിയോകൾ.ടിവി ഷോകൾ.. അതൊരു ഞെട്ടലായിരുന്നു. “ദൈവമേ അപ്പൊ ഞാനൊക്കെ ചെയ്തുകൂട്ടുന്നത്‌ മമ്മൂക്കയുടെ ഈ സ്ക്രീനിലൂടെ പോകുന്നുണ്ടാവില്ലേ..! എന്നെ അങ്ങോട്ട്‌ കൊണ്ടുപോയ എന്റെ ചങ്ക്‌ സമദ്‌ ബ്രോയും മമ്മൂക്കയും ചിരിച്ചു.. മമ്മൂക്ക യൂടൂബിൽ സാമ്രാജ്യം സിനിമയുടെ പുതിയ പതിപ്പ്‌ വന്നിട്ടുണ്ടെന്ന് പറഞ്ഞ്‌ അത്‌ സെർച്ച്‌ ചെയ്ത്‌ പ്ലേ ചെയ്തു… മുന്നിൽ1991 കാലത്തെ വെളുത്ത സ്യൂട്ട്‌ ഇട്ട മമ്മൂക്ക..!! പിന്നിൽ 2021 ലെ സൂപ്പർ മമ്മൂക്ക..! ഞാൻ പലതവണ നൈസായി മമ്മൂക്കയെ തിരിഞ്ഞു നോക്കി ഈ സംഭവിക്കുന്നത്‌ സ്വപ്നമല്ലെന്ന് ഉറപ്പ്‌ വരുത്തി.

മമ്മൂക്കയുടെ കൂടെ മമ്മൂക്കയുടെ ഒരു മെഗാഹിറ്റ്‌ സിനിമ അദ്ദേഹത്തിന്റെ കാരവാനിലിരുന്ന് കണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..!! എന്നാൽ അത്‌ സംഭവിച്ചു.. അന്നതെ ഫാഷനെ പറ്റിയും.. പിന്നെ ദളപതി സിനിമയിലെ രജനീകാന്തുമൊത്തുള്ള കഥകളും ആ സിനിമയിലെ സീനുകളും.. തെലുങ്കിൽ മമ്മൂക്ക സ്വയം ശബ്ദം നൽകിയ “സൂര്യവംശുടു” എന്ന സിനിമയിലെ സീനുകളും അങ്ങനെ അങ്ങനെ സ്വപ്നം പോലെ രണ്ട്‌ മണിക്കൂറുകൾ കടന്നുപോയി. ഇത്‌ മറ്റൊരാളോട്‌ പറഞ്ഞാൽ എന്റെ സ്വഭാവം വച്ച്‌ തള്ളെന്ന് പറയുമല്ലോ ഈശ്വരാ എന്ന വിഷമം മാത്രേ ബാക്കിയുള്ളൂ..! പിന്നെ ദേ ഈ ഫോട്ടോയും.. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടേ..!”

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.