”രജനികാന്തിന്റെ നരപോലും പ്രശ്നമാകുന്ന ഇൻഡസ്ട്രി, ഇവിടെയാണ് മമ്മൂട്ടി സ്വവർഗാനുരാഗിയായി എത്തുന്നത്”; ആർജെ ബാലാജി
നടൻ മമ്മൂട്ടിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു കാതൽ ദി കോർ. തിയേറ്ററിൽ വിജയം കണ്ട സിനിമ എന്നതിലുപരി താരം ചെയ്ത കഥാപാത്രത്തെ പ്രശംസിച്ച് ലോകത്തിന്റെ പല കോണുകളിൽ നിന്നും മികച്ച അഭിപ്രായങ്ങൾ വന്നു. തെന്നിന്ത്യയിൽ ഇപ്പോഴുള്ള മുൻനിര താരങ്ങളെല്ലാം ചെയ്യാൻ മടിക്കുന്ന കഥാപാത്രത്തെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചത്.
ജയിലർ ചെയ്യുന്ന സമയത്ത് രജനികാന്തിന്റെ ലുക്ക് പോലും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു എന്ന് നെൽസൺ ഈയടുത്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ മുൻനിർത്തി കാതലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് നടനും സംവിധായകനുമായ ആർ. ജെ ബാലാജി സംസാരിക്കുകയാണ്. ഒരു വലിയ താരത്തിന്റെ സിനിമയിൽ അദ്ദേഹത്തിന്റെ ലുക്ക് വരെ വെല്ലുവിളി ഉയർത്തുമ്പോഴാണ് കാതൽ പോലെയൊരു ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കാനും ആ സിനിമ നിർമ്മിക്കാനും മമ്മൂട്ടി ധൈര്യം കാണിച്ചത് എന്നാണ് ബാലാജി പറയുന്നത്.
“കാതൽ ദി കോർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. അത് വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണെന്നാണ് ഞാൻ കരുതുന്നത്. ഈയിടെ ഒരു ചർച്ച ഞാൻ കണ്ടിരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സംവിധായകർ അതിൽ ഉണ്ടായിരുന്നു. ഒരു വലിയ താരത്തിൻറെ സിനിമ ചെയ്ത സമയത്ത് അദ്ദേഹത്തിൻറെ ലുക്കിൽ വരുത്തിയ ഒരു മാറ്റം പോലും എത്ര വലിയ റിസ്ക് ആയാണ് എടുത്തുകാട്ടപ്പെട്ടതെന്ന് ഒരു സംവിധായകൻ പറഞ്ഞു.
അതേ ടേബിളിൽ ജിയോ ബേബിയും ഉണ്ടായിരുന്നു. അതേ നിരയിലുള്ള, 72 വയസുള്ള മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനെ സ്വവർഗാനുരാഗിയായി അവതരിപ്പിച്ച സംവിധായകൻ. അത് മമ്മൂട്ടി സാർ തന്നെ നിർമ്മിക്കുകയും ചെയ്തു.”- ബാലാജി വ്യക്തമാക്കി. ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാതൽ ദി കോർ. ആഴ്ചകളോളം തിയേറ്ററുകളിൽ പ്രദർശനം തുടർന്നതിന് ശേഷം കാതൽ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്ത് കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർതാരം ജ്യോതികയായിരുന്നു ചിത്രത്തിലെ നായിക. നടി അവതരിപ്പിച്ച ഓമന എന്ന കഥാപാത്രവും ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി.