തിയേറ്റർ ആളിക്കത്തിക്കാൻ ഫഫ; ആവേശം ടീസർ പുറത്ത്
1 min read

തിയേറ്റർ ആളിക്കത്തിക്കാൻ ഫഫ; ആവേശം ടീസർ പുറത്ത്

2023ലെ ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. രോമാഞ്ചം പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ചുവെങ്കിൽ ഫഹദ് ഫാസിൽ മാസ് ലുക്കിലെത്തുന്ന ആവേശം എങ്ങനെയാകുമെന്ന് കണ്ടറിയാം. ചിത്രത്തിൽ രംഗൻ എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും പ്രേക്ഷകരെ ഇതിനകെ ആവേശത്തിലാക്കികഴിഞ്ഞു.

ഒരു മിനുട്ട് 43 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് സമൂഹമാധ്യമങ്ങളുലുൾപ്പെടെ വൻ സ്വീകാര്യതയായിരുന്നി ലഭിച്ചത്. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തുവിന്റെ ആദ്യ ചിത്രം ‘രോമാഞ്ച’ത്തിനു സമാനമായി ‘ആവേശ’ത്തിന്റെയും പശ്ചാത്തലം ബെംഗളൂരു തന്നെയാണ്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ സമീർ താഹിർ ക്യാമറ ചലിപ്പിക്കുന്നു.

തികച്ചും മാസ് ലുക്കിലുളള ഫഹദിനെയാണ് ടീസറിൽ കാണുന്നത്. കോമഡിയും ആക്ഷനും ഒരുപോലെ പ്രാധാന്യമുളള ചിത്രമാണ് ആവേശം എന്നാണ് ടീസർ നൽകുന്ന സൂചന. രംഗൻ എന്ന ഗുണ്ടയായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. കോളജ് വിദ്യാർഥികളുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഏപ്രിൽ 11-ന് തിയേറ്റുകളിൽ എത്തും.