എംഎല്‍എയുടെ വീടിന്റെ മതില് ചാടിയത് മന്ത്രി കാരണം; കോടതിയില്‍ കളളനും മന്ത്രിയും നേര്‍ക്കുനേര്‍
കേരളത്തിലെ റോഡുകളിലുളള കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ആക്ഷേപഹാസ്യ രൂപത്തിലുളള ചിത്രത്തിലെ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും സാധാരണക്കാരന് സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ചീമേനിയിലെ കളളനായ കൊഴുമ്മല്‍ രാജീവന് ഒരു കേസിന്റെ പേരില്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചാണ് സിനിമയില്‍ പറയുന്നത്. കയ്യൂക്കുളളവര്ക്ക് മാത്രം ജീവിക്കാനുളള സ്ഥലമല്ല ഇവിടം എന്നാണ് രാജീവന് എന്ന കഥാപാത്രത്തിലൂടെ സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാള് പറഞ്ഞുവെയ്ക്കുന്നത്. കുഞ്ചാക്കോ ബോബന് ആണ് കൊഴുമ്മല്‍ രാജീവനായി ചിത്രത്തിലെത്തുന്നത്. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കറാണ് രാജീവന്റെ കാമുകിയായി എത്തുന്നത്.
തന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വന്നപ്പോള്‍ കളവ് ഉപേക്ഷിച്ച് ജോലി ചെയ്ത് ജീവിക്കാന്‍ തുടങ്ങുന്ന രാജീവനെ ചെയ്യാത്ത കുറ്റത്തിന് കേസില്‍ കുടുക്കുന്നു. ഒരു പ്രതേൃക സാഹചര്യത്തില്‍ എംഎല്‍എയുടെ വീടിന്റെ മതില് ചാടിക്കടന്ന രാജീവനെ എംഎല്‍എയുടെ നായകള്‍ കടിക്കുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നു. താന്‍ മോഷണത്തിന് പോയതല്ല എന്ന് രാജീവന് ആവര്‍ത്തിച്ച് പറയുമ്പോഴും മുന്‍പ് കളവ് നടത്തിയതിന്റെ പേരില്‍ വീണ്ടും കുറ്റക്കാരാനായി കോടതിയുടെ മുന്നിലേക്ക് എത്തുന്നു.
തുടര്‍ന്ന് കോടതിയില്‍ അരങ്ങേറുന്ന വാദപ്രതിവാദങ്ങളെയാണ് ചിത്രത്തില്‍ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി കാരണമാണ് എംഎല്‍എയുടെ വീടിന്റെ മതില് ചാടേണ്ടി വന്നത് എന്നും അതുകൊണ്ടാണ് തനിക്ക് പട്ടികടിയേല്ക്കേണ്ടി വന്നത് എന്നുമാണ് രാജീവന്റെ വാദം. പിന്നലെ മന്ത്രിക്ക് എതിരെ രാജീവന് കേസ് കൊടുക്കുന്നു.
വളരെ ചെറിയ രീതിയില്‍ തുടങ്ങുന്ന കേസ് സമൂഹത്തിലെ പ്രസക്തി ഏറിയ വിഷയമായി മാറുകയായിരുന്നു. കോടതിയും കേസും സാധാരണക്കാരനെ പോലെ ഏത് ഉന്നതനും നേരിടേണ്ടി വരുമെന്നും അതില്‍ വേര്‍തിരിവില്ലെന്നും സിനിമ പറഞ്ഞുവെയ്ക്കുമ്പോഴും കേസിന് പോയാല്‍ സാധാരണക്കാരന് സമാധാനമായി ജീവിക്കാന്‍ സാധിക്കില്ല എന്ന സന്ദേശവും നല്‍കുന്നുണ്ട്.
കാതോട് കാതോരം എന്ന സിനിമയിലെ ദേവദൂതര്‍ എന്ന പാട്ടിന് ചുവടെവെച്ച് ചാക്കോച്ചന് ഇതിനോടകം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ എണ്‍പതുകളിലെ കാലഘട്ടത്തെ വീണ്ടും പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ്. ഓണട്ടുക്കരക്കാരനായ ചാക്കോച്ചന് കാസര്‍ഗോഡ് ശൈലി പരീക്ഷിക്കുന്ന സിനിമയിലെ സംഭാഷണരംഗങ്ങള്‍ നര്‍മ്മരസത്തില്‍ പൊതിഞ്ഞതാണ്. ട്രാഫിക് മുതല്‍ ഇങ്ങോട്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ചാക്കോച്ചന്റെ സിനിമ ജീവിത്തിലെ ഏറ്റവും മികച്ച സിനിമ തന്നെയാണ് ന്നാ താന്‍ കേസ് കൊട്.
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി’ലും ‘കനകം കാമിനി കലഹ’ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ജഡ്ജി ആയാണ് ബേസില്‍ ജോസഫ് എത്തുന്നത്. കൂടാതെ അനവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന് സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന് റേച്ചല്‍ സന്തോഷാണ്.