‘മമ്മൂക്കയെ അടുത്തറിയുമ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യം നാലിരട്ടിയായേ നമുക്ക് തോന്നൂ…’; രഞ്ജിത്ത് ശങ്കര്‍
സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് രഞ്ജിത്ത് ശങ്കര്‍. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം തന്നെ രഞ്ജിത്ത് ശങ്കറിന് പ്രശസ്തി നേടിക്കൊടുത്തു. കലാപരമായും, സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസഞ്ചര്‍. ഒരു തിരക്കഥാകൃത്തായി കലാരംഗത്ത് പ്രവേശിച്ച രഞ്ജിത്ത്, ടെലിവിഷന്‍ പരമ്പരകള്‍ക്ക് വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. നിഴലുകള്‍, അമേരിക്കന്‍ ഡ്രീംസ് എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥയില്‍ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പരകളായിരുന്നു. ആദ്യചിത്രത്തിനു ശേഷം 2011ലാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ ആ ചിത്രമായിരുന്നു അര്ജ്ജുനന് സാക്ഷി.
അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോര്‍ ഇയേര്‍സ്. കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന ചിത്രമാണിത്. പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 25 നു തിയേറ്ററുകളിലെത്തും. ക്യാമ്പസില്‍ നാല് വര്‍ഷം ഒരുമിച്ച് ചെലവഴിക്കുന്ന രണ്ട് പ്രണയിനികളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥാ പശ്ചാത്തലമാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഞാന്‍ പരിചയപ്പെട്ടിട്ടുള്ള എല്ലാ സെലിബ്രിറ്റികളിലും വെച്ച് മമ്മൂക്ക ഡിഫ്രന്സായിട്ടുള്ള ഒരു സംഭവം എനിക്ക് തോന്നിയിട്ടുള്ളത്, ഒരു വിഗ്രഹം അകലെ നിന്ന് നോക്കിയാല്‍ കൂടുതല്‍ ഭംഗിയും അടുത്ത് ചെല്ലുന്തോറും ഭംഗി കുറഞ്ഞു വരുമെന്ന് പറയാറുണ്ട്. എന്നാല്‍ മമ്മൂക്കയെ നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളത്. മമ്മൂക്കയെ അടുത്തറിയുമ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യം നാലിരട്ടിയായേ നമുക്ക് തോന്നുമെന്നുമാണ് രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം മമ്മൂട്ടിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം റോഷാക്ക് ആണ്. മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. നിസാം ബഷീര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.