മോഹന്‍ലാല്‍ കന്നഡയിലേക്ക്….! ഒപ്പം വിജയ് ദേവെരകൊണ്ടയും
1 min read

മോഹന്‍ലാല്‍ കന്നഡയിലേക്ക്….! ഒപ്പം വിജയ് ദേവെരകൊണ്ടയും

മോഹന്‍ലാലിനെ നായകനാക്കി കന്നട സംവിധായകന്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വന്‍ തരംഗമായിരുന്നു. മലയാളം-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പം തെന്നന്ത്യന്‍ യുവതാരം വിജയ് ദേവരക്കൊണ്ടയും പ്രധാനവേഷത്തിലെത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു തെന്നിന്ത്യന്‍ താരം ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലാണ് വിജയ് ദേവരക്കൊണ്ട എത്തുന്നതെന്നും എന്റടൈന്‍മെന്റ് ചാനലായ ഒ.ടി.ടി പ്ലേയ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്ഷന്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്ന, അച്ഛന്‍- മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവരാണ് സിനിമയുടെ നിര്‍മാതാക്കള്‍.വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപാനം വൈകാതെയുണ്ടാകും. ‘വൃഷഭ’യില്‍ അഭിനയിക്കുന്നതില്‍ താന്‍ ആവേശഭരിതനാണ് എന്നായിരുന്നു മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നത്. എപ്പോഴായിരിക്കും വൃഷഭയെന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക എന്ന് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. എവിഎസ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമാണ് ഇത്.

അതേസമയം ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട ചിത്രമായ ‘റാം’ പിന്നീട് പുനരാരംഭിക്കുകയായിരുന്നു. മൊറോക്കോ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഷൂട്ട് ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ്ഗ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദൃശ്യത്തിന്റെ വലിയ വിജയത്തിന് ശേഷം ജിത്തു ജോസഫും,മോഹന്‍ലാലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സതീഷ് കുറുപ്പ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വി.എസ്സ് വിനായക് ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് വിഷ്ണു ശ്യാമാണ്.