ജീത്തുജോസഫ് ചിത്രം ‘റാമി’ല്‍ മോഹന്‍ലാല്‍ മുന്‍ റോ ഏജന്റ് ? പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
1 min read

ജീത്തുജോസഫ് ചിത്രം ‘റാമി’ല്‍ മോഹന്‍ലാല്‍ മുന്‍ റോ ഏജന്റ് ? പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയിരുന്നെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിന്നുപോവുകയായിരുന്നു. ദൃശ്യം 2, 12ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു മുന്‍പേ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റേതായി ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു റാം. കഴിഞ്ഞ വര്‍ഷം ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു. 2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിങ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ദല്‍ഹി, ഷിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായിരുന്നു. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ദൃശ്യം’, ‘ദൃശ്യം സെക്കന്‍ഡ്’, ‘ട്വല്‍ത് മാന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും കൈകോര്‍ക്കുന്ന ചിത്രവുമാണ് ‘റാം’. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിതെന്നും താരനിരയുടെ വിവരങ്ങളുമല്ലാതെ ചിത്രത്തിന്റെ കഥാസൂചനകളൊന്നും പുറത്തെത്തിയിരുന്നില്ല.

എന്നാല്‍ രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ കഥാസംഗ്രഹമെന്ന പേരില്‍ ഒരു സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റാം മോഹന്‍ എന്ന് പേരായ ഒരു മുന്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഏജന്റ് ആണ് മോഹന്‍ലാലിന്റെ കഥാപാത്രമെന്നാണ് സൂചന. സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്ത റാമിന്റെ സേവനം ഒരു ഘട്ടത്തില്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് ആവശ്യമായി വരികയാണ്. മുഴുവന്‍ ലോകത്തെയും സംഹരിക്കാന്‍ ശേഷിയുള്ള അണ്വായുധം കൈവശം വച്ച് ഭീഷണി ഉയര്‍ത്തുന്ന ബേല്‍ എന്ന തീവ്രവാദ സംഘടനയെ നേരിടാനാണ് റോ റാം മോഹനെ അന്വേഷിക്കുന്നത്, ഇതാണ് സിനോപ്‌സിസ് എന്ന് പ്രചരിക്കുന്ന ചിത്രത്തില്‍ ഈ സിനിമയെക്കുറിച്ച് ഉള്ളത്. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ഷാരൂഖ് ഖാന്‍ ചിത്രം പഠാന്റെ പ്ലോട്ടിന് സമാനമാണ് ഇതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കാന്‍ എത്തുന്നത് ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് കോ – ഓര്‍ഡിനേറ്റര്‍ പീറ്റര്‍ പെഡ്രേറോ ആണ് എത്തുന്നത്. മിഷന്‍ ഇമ്പോസ്സിബിള്‍ എന്ന ചിത്രത്തിന്റെ മുഴുവന്‍ സ്റ്റണ്ട് കോ – ഓര്‍ഡിനേറ്റിങ് ടീമും റാമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്സ്പ്രസ്’, ‘ദി ഹിറ്റ്മാന്റെ ബോഡിഗാര്‍ഡ്’, ‘അവഞ്ചേഴ്സ്: ഏജ് ഓഫ് അള്‍ട്രോണ്‍’ എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തത് പീറ്റര്‍ പെഡ്രേറോ ആയിരുന്നു. തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, സായ്കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.