ഡബിള്‍ മോഹനനായി പൃഥ്വിരാജ് ; ‘വിലായത്ത് ബുദ്ധ’ മേക്കിംഗ് വീഡിയോ
1 min read

ഡബിള്‍ മോഹനനായി പൃഥ്വിരാജ് ; ‘വിലായത്ത് ബുദ്ധ’ മേക്കിംഗ് വീഡിയോ

ടന്‍ പൃഥ്വിരാജിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയന്‍ നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധായകന്‍. ജി ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് ‘ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ചിത്രമായ ‘കാന്താര’യുടെ ഛായാഗ്രാഹകന്‍ അരവിന്ദ് കശ്യപ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഉര്‍വ്വശി തിയേറ്റേഴ്‌സിറെ ബാനറില്‍ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ ‘ഭാസ്‌കരന്‍ മാഷാ’യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ അഭിനയിക്കുന്ന ചിത്രത്തില്‍ അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

‘വിലായത്ത് ബുദ്ധ’ സച്ചി പ്രഖ്യാപിച്ച ചിത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സഹസംവിധായകന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടുകൂടി ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിയുടെ ജന്മദിനത്തില്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ കുര്യന്‍, വാര്‍ത്താപ്രചരണം പി ശിവപ്രസാദ്, എം ആര്‍ പ്രൊഫഷണല്‍, മാര്‍ക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ്.

https://fb.watch/hV0fs8OLUP/

അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്ത് കാപ്പയാണ് പൃഥ്വിരാജിന്റെ ഇപ്പോള്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് കാപ്പ. ചിത്രത്തിന്റെ തിരക്കഥയും ഇന്ദുഗോപന്റേത് ആയിരുന്നു.