പൃഥ്വിരാജ്,ആന്റണി പെരുമ്പാവൂർ എന്നിവരെ വിലക്കണം; സിനിമാ സംഘടനയിൽ ചർച്ച
സിനിമാ വ്യവസായത്തിന്റെ വാണിജ്യ സമവാക്യങ്ങൾ മലയാളത്തിൽ മാറി മറിഞ്ഞിരിക്കുകയാണ്. തിയേറ്റർ വ്യവസായം പൂർണമായും നിലച്ചതോടെ ഡിജിറ്റൽ ഫ്ലാറ്റ്ഫോം ശക്തിപ്പെടുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടതാണ്. സൂപ്പർതാര ചിത്രങ്ങൾ അടക്കം നിരവധി മലയാള ചിത്രങ്ങൾ ഇതിനോടകം മുഖ്യധാര ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വന്നുകഴിഞ്ഞു. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് തുടങ്ങി അന്താരാഷ്ട്രതലത്തിലെ ഭീമന്മാരെ മലയാള സിനിമയും പ്രേക്ഷകരും ഒരേപോലെ കൈനീട്ടി സ്വീകരിച്ചു. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സജീവമായി വരുന്നതോടെ തീയറ്റർ വ്യവസായം പ്രതിസന്ധിയിലാകുമോ എന്ന ഭയത്തിലാണ് സിനിമ സംഘടനകൾ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിനെയും വിലക്കാനുള്ള ചർച്ചകൾ തിയേറ്റർ ഉടമകളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയാണ്. വിവരം പ്രമുഖ വാർത്താ മാധ്യമം റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരിക്കുകയാണ്. സമീപകാലത്ത് പൃഥ്വിരാജ് നായകനായ കോൾഡ് കേസ്, കുരുതി, ഭ്രമം തുടങ്ങിയ ചിത്രങ്ങൾ ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിരുന്നു. ഇതോടെ പ്രേക്ഷകർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോടുള്ള പ്രിയം കൂടുകയും ചെയ്തു. ഈ രീതിയിൽ അതൃപ്തി കണ്ടെത്തിയ തിയേറ്റർ സംഘടന പൃഥ്വിരാജിനെയും ഒപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും വിലക്കണം എന്ന നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുകയാണ്.
മരക്കാർ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ റിലീസിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും സംഘടന ആന്റണി പെരുമ്പാവൂരിനോട് നിർദ്ദേശം നൽകുകയും ചെയ്യുന്നു. സംഘടനാ ചർച്ചയിൽ നടൻ ദിലീപും പങ്കാളി ആയിട്ടുണ്ട്. പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂറിനെയും വിലക്കണമെന്ന നിർദ്ദേശത്തിൽ രഹസ്യ സ്വഭാവത്തിലുള്ള വോട്ടിംഗ് നടത്തി തീരുമാനമെടുക്കാനും സംഘടന തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടർ ചാനൽ പറയുന്നു. എന്നാൽ ആന്റണി പെരുമ്പാവൂരിനെ താൻ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കാമെന്നും ദിലീപ് സംഘടനക്ക് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗികമായ കൂടുതൽ റിപ്പോർട്ടുകൾ ഉടനെതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിയേറ്റർ വ്യവസായത്തെ പൂർണമായും ആശ്രയിക്കുന്ന രീതി ലോക സിനിമയിൽ തന്നെ വ്യാപകമായി മാറിവരികയാണ്. ആ മാറ്റം മലയാള സിനിമയിലും വളരെ മികച്ച രീതിയിൽ ആരംഭിച്ചിട്ടുണ്ട്. ലോക്ഡോൺ കാലത്ത് തീയേറ്റർ വ്യവസായം പൂർണമായും അടഞ്ഞു കിടന്നതോടെ ഒടിടി മേഖല കൂടുതൽ ജനകീയമാക്കുകയായിരുന്നു.