ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനു ശേഷം ജിയോ ബേബി; മെഗാസ്റ്റാർ മമ്മൂട്ടി ടൈറ്റിൽ പുറത്തിറക്കും
1 min read

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനു ശേഷം ജിയോ ബേബി; മെഗാസ്റ്റാർ മമ്മൂട്ടി ടൈറ്റിൽ പുറത്തിറക്കും

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ കേരളം മുതൽ ദേശീയതലത്തിൽ വരെ വളരെ വലിയ രീതിയിൽ പ്രശസ്തി ആർജിച്ച സംവിധായകൻ ജിയോ ബേബി തന്നെ പുതിയ സംവിധാന സംരംഭത്തെക്കുറിച്ച് അറിയിച്ചിരിക്കുകയാണ്. ജിയോ ബേബി അവസാനമായി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കഴിഞ്ഞ വർഷം ആണ് റിലീസ് ചെയ്തത്. ഒടിടി റിലീസായി എത്തിയ ചിത്രം പുരുഷാധിപത്യത്തിനെതിരെയും അന്ധവിശ്വാസപരമായ ആചാരങ്ങൾക്കെതിരെയും അതിശക്തമായിത്തന്നെ പ്രതികരിച്ചു. കാലിക പ്രസക്തി ഏറെയുള്ള ഈ ചിത്രം ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് പ്രേക്ഷക സ്വീകാര്യത നേടുകയും നിരൂപകപ്രശംസ ഏറ്റുവാങ്ങുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിന് മുമ്പ് ജിയോ ബേബി മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കി എങ്കിലും സംവിധായകനെന്ന നിലയിൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ് ജിയോ ബേബിയെ കൂടുതൽ ജനകീയമാക്കിയതും പ്രശസ്തനാക്കിയതും.

ഇവിടുത്തെ ജിയോ ബേബി തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുമെന്നാണ് ജിയോ ബേബി അറിയിച്ചിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ നിർമാതാക്കൾ തന്നെയായ മാൻകൈൻഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേർന്നാണ് പുതിയ ചിത്രത്തിന്റെയും നിർമ്മാണം. ചിത്രത്തിൽ അഭിനയിക്കുന്നവർ കഥാപശ്ചാത്തലം മറ്റ് അണിയറ വിശേഷങ്ങൾ എന്നിവയെ കുറിച്ച് കൂടുതലായൊന്നും ജിയോ ബേബി വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിശേഷങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ചിത്രങ്ങൾ കഴിയുന്തോറും മികച്ച നിലവാരവും സാമൂഹിക പ്രസക്തിയും കൂടി വരുന്ന ജിയോ ബേബി ചിത്രങ്ങളാണ് പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന വലിയൊരു പ്രേക്ഷക സമൂഹവും ഉണ്ട്.

Leave a Reply