”മലയാളം വലിയ ഇൻഡസ്ട്രിയാണ്, കാലാപാനി പോലൊരു സിനിമയെക്കുറിച്ച് നമ്മൾ ചിന്തിക്കും മുൻപ് തന്നെ മലയാളം ഇൻഡസ്ട്രി അത് ചെയ്തു”: പ്രഭാസ്
1996ൽ ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് പ്രിയദർശൻ കാലാപാനി എന്ന എക്കാലത്തേയും ക്ലാസിക് ചിത്രം ഇറക്കിയത്. മോഹൻലാൽ, പ്രഭു, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എടുത്ത ഈ സിനിമ ഇപ്പോഴും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നു. ഈപ്പോൾ കാലാപാനിയെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് രംഗത്തെത്തിയിരിക്കുകയാണ്. സലാർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാപാനി എന്ന ചിത്രത്തെ കുറിച്ച് തങ്ങൾ ചിന്തിക്കുന്നതിന് മുൻപ് തന്നെ മലയാളത്തിൽ അങ്ങനെയൊരു സിനിമ നീർമ്മിക്കപ്പെട്ടു എന്നാണ് പ്രഭാസ് പറയുന്നത്. കൂടാതെ മലയാളം വലിയ ഇൻഡസ്ട്രിയാണെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. “കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മൾ ചിന്തിക്കുന്നതിന് മുമ്പ് തന്നെ മലയാളം ഇൻഡസ്ട്രി ചെയ്തു. ഇത് ഏത് സംസ്ഥാനമാണ്, ഏത് ഭാഷയാണെന്ന് ചിന്തിച്ചാണ് ഞങ്ങളൊക്കെ കാലാപാനി കണ്ടത്. 27 വർഷം മുമ്പാണ് കാലാപാനി ഇറങ്ങിയത്. മലയാളം വലിയ ഇൻഡസ്ട്രിയാണ്. നിങ്ങൾക്ക് മികച്ച ടെക്നീഷ്യന്മാരുണ്ട്.”- പ്രഭാസ് വ്യക്തമാക്കി.
ബാഹുബലി എന്ന ചിത്രത്തിലൂടെ സ്വന്തമാക്കിയ താരമൂല്യത്തിന് ഇടിവ് സംഭവിച്ചെങ്കിലും അതെല്ലാം സലാറിലൂടെ തിരിച്ചുപിടിക്കാൻ തന്നെയാണ് പ്രഭാസിന്റെ രണ്ടാം വരവ്. 100 കോടി രൂപയാണ് പ്രഭാസ് ചിത്രത്തിന് വേണ്ടി പ്രതിഫലമായി വാങ്ങിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ സിനിമയുടെ വരുമാനത്തിന്റെ പത്ത് ശതമാനവും പ്രഭാസിനാണ്.
ഡിസംബർ 22 നാണ് സലാറിന്റെ വേൾഡ് വൈഡ് റിലീസ്. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.