എംജിആറിന്‍റെ ചിത്രത്തിന് മുന്നിൽ ആടിപ്പാടി ധ്യാനും പ്രണവും; ‘വർഷങ്ങൾക്കുശേഷം’ ഫസ്റ്റ് ലുക്ക്
1 min read

എംജിആറിന്‍റെ ചിത്രത്തിന് മുന്നിൽ ആടിപ്പാടി ധ്യാനും പ്രണവും; ‘വർഷങ്ങൾക്കുശേഷം’ ഫസ്റ്റ് ലുക്ക്

സൂപ്പർ ഹിറ്റായ ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. പ്രണവിനൊപ്പം ധ്യാനും ഒരുമിച്ചെത്തിയിരിക്കുന്ന പോസ്റ്ററിൽ തമിഴിലെ ഇതിഹാസ താരം പുരട്ചി തലൈവർ എംജിആറിന്‍റെ സാന്നിധ്യവുമുണ്ട് എന്നതാണ് പ്രത്യേകത. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങി വലിയൊരു താരനിരയാണ് സിനിമയിലുള്ളത്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്‌ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നീ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്‌ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോഷ്യേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്. റംസാൻ – വിഷു റിലീസായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. 132 അഭിനേതാക്കൾ ഉള്ള ചിത്രം 50 ലൊക്കേഷനുകളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. ആയിരത്തിലധികം ജൂനിയർ ആർടിസ്റ്റുകളും ചിത്രത്തിലുണ്ട്.