“ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ല.. അത് തലക്കെട്ട് എഴുതിയ എന്റെ അറിവില്ലായ്മയാണ്.. പഴശ്ശിരാജ മലയാളസിനിമയ്ക്ക് പേരും പുകഴും നേടികൊടുത്ത് സാമ്പത്തികപരമായി വിജയിച്ച സിനിമ” ; ടിനി ടോമിനോട് ക്ഷമാപണം നടത്തി യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഓൺലൈൻ പീപ്സ് ലേഖകൻ
കഴിഞ്ഞദിവസം ഓൺലൈൻ പീപ്സ് മീഡിയയിൽ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിർമ്മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉൾപ്പെടുത്തി ഷെയർ ചെയ്യപ്പെട്ട ഒരു വാർത്തയിൽ, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമർശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്. അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവർ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്. ‘പഴശ്ശിരാജയുടെ സാമ്പത്തിക നഷ്ടം പത്തൊമ്പതാം നൂറ്റാണ്ടിലൂടെ നികത്തി ഗോകുലം ഗോപാലൻ’ എന്ന ഒരു തെറ്റായ തലക്കെട്ടോടെ ടിനി ടോം പറഞ്ഞ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ആ വാർത്ത ഈ മാധ്യമത്തിലൂടെ ഷെയർ ചെയ്യപ്പെട്ടത്. ഓൺലൈൻ പീപ്സ് മീഡിയ മുഖാന്തരം അങ്ങനെയൊരു തെറ്റായ തലക്കെട്ട് പ്രസിദ്ധീകരിക്കേണ്ടി വന്നതിൽ അങ്ങേയറ്റം ഞാൻ ആദ്യമേ ക്ഷമാപണം നടത്തുന്നു.
ആ തലക്കെട്ട് എഴുതിയത് പൂർണ്ണമായും എന്റെ അറിവില്ലായ്മയാണ്. അതിന്സം മറ്റാരും ഉത്തരവാദികളല്ല. തെറ്റ് മനസ്സിലാക്കി ഞാൻ ആ തലക്കെട്ടും വാർത്തയും ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും തീർത്തും അടിസ്ഥാനരഹിതമായ ഈ ഒരു തലക്കെട്ട് ചൂണ്ടികാണിച്ച് അത് ടിനി ടോം പറഞ്ഞതാണെന്ന വ്യാജേന അദ്ദേഹത്തെ വിമർശിക്കാനും മറ്റുമായി ഈ സാഹചര്യം മുതലെടുത്ത് ആ നടനെതിരെ പലരും സൈബർ ആക്രമണം വരെ അഴിച്ചുവിടുന്ന സാഹചര്യമുണ്ടായി എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ലേഖകൻ തലക്കെട്ടിൽ ഉദ്ധരിച്ച ആ വാക്കുകൾ ടിനി ടോം പറഞ്ഞതല്ല എന്നറിഞ്ഞിട്ടും ഇപ്പോഴും അതിന്റെ സ്ക്രീൻ ഷോട്ട് ചിലർ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നു. പക്ഷെ അദ്ദേഹം പറയാത്ത ഒരു കാര്യം ഇങ്ങനെ ഇനിയും പ്രചരിപ്പിക്കപ്പെടുന്നത് തികച്ചും അധാർമികമായ പ്രവണതയാണ്. ഈ മീഡിയ വഴി വന്ന ഒരു വാർത്തയ്ക്ക് നൽകിയ ഒരു തലക്കെട്ടിന്റെ പേരിലാണ് ഇത്രയും തെറ്റിദ്ധാരണകൾ ഉണ്ടായത് എന്നതുകൊണ്ട് ഇനിയും അതിന്റെ സ്ക്രീന്ഷോട്ടുകൾ പ്രചരിപ്പിക്കുന്നവർ ആരായാലും അത് ദയവായി നിർത്തണമെന്ന് അതെഴുതിയ ആളെന്ന നിലയിൽ ഞാൻ അഭ്യർത്ഥിക്കുകയാണ്.
എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ പഴശ്ശിരാജ തന്റെ സമ്പത്തിന് ഒന്നും ഒരു കുഴപ്പമുണ്ടാക്കിയ സിനിമയല്ല എന്നും തനിക്ക് ഒരുപാട് പേരും പുകഴും നേടിത്തന്ന സിനിമയാണെന്നും ഗോകുലം ഗോപാലൻ മറുനാടൻ മലയാളി ചാനലിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളതാണ്. വളരെയധികം അഭിമാനത്തോടെയാണ് പഴശ്ശിരാജ എന്ന സിനിമ ചെയ്തത് എന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. പഴശ്ശിരാജ നിർമ്മിക്കാനുള്ള പ്രധാനപ്പെട്ട കാരണമായി അദ്ദേഹം പറഞ്ഞത്, “ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പൊതുവെ നോർത്ത് ഇന്ത്യൻസിനെയാണ് ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയതിന്റെ പേരിൽ ചരിത്ര താളുകളിലും മറ്റും എടുത്തുപറയാറുള്ളത്, എന്നാൽ 1795 മുതൽ 1805 വരെ 10 കൊല്ലം ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആദ്യ മലയാളിയാണ് പഴശ്ശിരാജ. പക്ഷേ അത് ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ശരിക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ബ്രിട്ടീഷുകാരെ നേരിട്ട് ആദ്യത്തെ സമര സേനാനി മലയാളിയായ പഴശ്ശിരാജയാണ്. അദ്ദേഹത്തിന്റെ ആ മഹനീയമായ പങ്ക് ഒരുപാട് പേരിലേക്ക് അറിവായി പകർന്നുനൽകിയത് മമ്മൂട്ടി നായകനായ പഴശ്ശിരാജയാണെന്നും ഗോകുലം ഗോപാലൻ അത്രയേറെ അഭിമാനത്തോടെ പറയുന്നു.
പക്ഷെ വർഷങ്ങളായി മലയാള സിനിമയിൽ ഏത് ബിഗ് ബജറ്റ് ചരിത്ര സിനിമകൾ റിലീസ് ചെയ്താലും പഴശ്ശിരാജ അന്നത്തെ കാലത്ത് മുതൽമുടക്കിന് അനുസരിച്ചുള്ള സാമ്പത്തിക വിജയം നേടാത്ത സിനിമയാണ് എന്ന് പറഞ്ഞു പരത്തി പാടിനടക്കുന്ന ഒരു രീതി ഒരുകൂട്ടം പേർക്ക് ഇപ്പോഴുമുണ്ട്. പലരും അന്ധമായി ഇപ്പോഴും അതാണ് സത്യം എന്നുവരെ വിശ്വസിച്ചുപോരുന്നു. ഇതൊക്കെ കേട്ട് തഴമ്പിച്ചതിന്റെ പേരിലുണ്ടായ തികച്ചും വസ്തുതാവിരുദ്ധമായ എന്റെ തെറ്റിദ്ധാരണയുടെ അനന്തരഫലമായാണ് അങ്ങനെ ഒരു തലക്കെട്ട് ഇടാൻ ഞാൻ പ്രേരിതനായതും. നിർമ്മാതാവായ ഗോകുലം ഗോപാലൻ ഇത്രയേറെ അഭിമാനിക്കുന്ന പഴശ്ശിരാജ എന്ന സിനിമയെ കുറിച്ചാണ് ഇപ്പോഴും ഒരുകൂട്ടം പേർ സാമ്പത്തിക നഷ്ടമായിരുന്നു എന്നെല്ലാം പറഞ്ഞ് ഏതൊരു ചരിത്ര സിനിമ വരുമ്പോഴും സൈബർ ഇടങ്ങളിൽ ചർച്ച നടത്തുന്നത് എന്നോർത്ത് ഇപ്പോൾ പരിതാപമുണ്ട്. എന്നാൽ നമ്മൾ മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന വിജയചിത്രമായിരുന്നു പഴശ്ശിരാജ എന്നതാണ് നിർമ്മാതാവ് ഗോകുലം ഗോപാലനടക്കം സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും തുറന്നുപറയുന്നത് എന്നതാണ് ശരിക്കുള്ള വസ്തുത എന്ന് ഒരു സിനിമ പ്രേക്ഷകൻ എന്ന നിലയിലും ലേഖകൻ എന്ന നിലയിലും ഞാൻ മനസിലാക്കുന്നു.