700 കോടി ബജറ്റില്‍ മഹാഭാരതം സിനിമ ഒരുക്കുന്നു ; നാകന്മാരായി ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണ്‍, അക്ഷയ്കുമാര്‍
1 min read

700 കോടി ബജറ്റില്‍ മഹാഭാരതം സിനിമ ഒരുക്കുന്നു ; നാകന്മാരായി ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണ്‍, അക്ഷയ്കുമാര്‍

ഹേരാ ഫേരി, വെല്‍ക്കം എന്നിങ്ങനെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ഫിറോസ് നദിയാദ് വാല മഹാഭാരതം സിനിമയാക്കൊനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഹാഭാരതം ഇതുവരെ കാണാത്ത രീതിയില്‍ നിര്‍മ്മിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍. അദ്ദേഹം സിനിമയുടെ വര്‍ക്ക് ആരംഭിച്ചുവെന്നും ഇന്ത്യയിലെ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വിഷ്വലി അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രമാണ് നിര്‍മ്മിക്കുന്നതെന്നുമാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാലഞ്ച് വര്‍ഷമായിട്ട് ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ പിന്നാലെയാണ്. 2025 ഡിസംബറോടെ മഹാഭാരതം ചിത്രമാക്കി തിയേറ്റുകളിലെത്തിക്കുമെന്നാണ് കരുതുന്നതെന്നും മറ്റ് പല ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നുമാണ് ഇവരോട് അടുത്ത വൃത്തങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

700 കോടി ചെലവഴിച്ചാണ് ചിത്രം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് മാര്‍വല്‍, ഡിസി മൂവീസ്, ലോര്‍ഡ് ഓഫ് ദി റിംങ്‌സ്, ഗെയിം ഓഫ് ത്രോണ്‍, ഹാരി പോര്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ഒരു മറുപടിയായിരിക്കും. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, റണ്‍വീര്‍ സിംങ്, പരേഷ് രാവല്‍, നാന പടേക്കര്‍, അനില്‍ കപൂര്‍ തുടങ്ങിയ താരങ്ങളെയാണ് പരിഗണിക്കുന്നത്. നായികമാരായി ചിത്രത്തില്‍ എത്തുന്ന പുതുമുഖങ്ങളാണെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ താരങ്ങളേയും മഹാഭാരതം ചിത്രത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ചിത്രത്തോട് അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. ലോസ് ഏഞ്ചല്‍സില്‍വെച്ചായിരിക്കും ബാക്ക് ഗ്രൗണ്ട് സ്‌കോറുകള്‍ റെക്കോര്‍ഡ് ചെയ്യുക. ലോസ് ഏഞ്ചല്‍സില്‍ നിന്ന് തന്നെയുള്ള വലിയ കമ്പനിയാണ് ചിത്രത്തിന് വിഎഫ്എക്‌സ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

അതേസമയം ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ മഹാഭാരത കഥയെ ആസ്പദമാക്കി ബിഗ് ബജറ്റ് സീരീസ് ഒരുക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന D23ഫാന്‍ എക്‌സ്‌പോയിലാണ് ഇത്തരത്തിലൊരു പ്രഖ്യാപനമുണ്ടായത്. 1988ല്‍ ബി.ആര്‍ ചോപ്ര ദൂരദര്‍ശന് വേണ്ടി നിര്‍മിച്ച മഹാഭാരതം ടെലിസീരിയലും മറ്റ് പ്രാദേശിക ചാനലുകള്‍ നിര്‍മിച്ച സീരിയലുകളുമാണ് ഇപ്പോഴും മഹാഭാരത കഥയെക്കുറിച്ചുള്ള ദൃശ്യവിരുന്നൊങ്ങൊരുക്കുന്നത്. ശരി തെറ്റുകളെ കുറിച്ചും ധര്‍മ്മയുദ്ധത്തെക്കുറിച്ചും പറയുന്ന പുരാണ കാവ്യമായ മഹാഭാരതം മധു മണ്ടേന, മിത്തോവേഴ്‌സ് സ്റ്റുഡിയോസ്, അല്ലു എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ഇന്ത്യന്‍ നിര്‍മാതാക്കളോടൊത്താണ് ഡിസ്‌നി നിര്‍മിക്കുന്നത്.