‘മമ്മൂക്കയുമായി അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്’; പാര്‍വ്വതി തിരുവോത്ത്
മലയാളത്തിന്റെ പ്രിയ നടിയാണ് പാര്‍വ്വതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പാര്‍വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും മലയാള സിനിമയുമായുമായി ബന്ധപ്പെട്ട ഒട്ടേറെ ശ്രദ്ധേയമായ ആശയങ്ങള്‍ പങ്കുവെച്ച് പാര്‍വതി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒരാള്‍ കൂടിയാണ്.
മുപ്പത്തിനാലുകാരിയായ പാര്‍വതി 2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്, ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്, ചാര്‍ലി, ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിനു പുറമെ തമിഴിലും നടി തിളങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമയാണ് അഞ്ജലി മേനോന് സംവിധാനം ചെയ്ത വണ്ടര്‍വുമണ്‍. പത്മപ്രിയ, നിത്യ മേനോന്, സയനോര, അര്‍ച്ചന പത്മിനി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഇപ്പോഴിതാ പുഴു എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് പാര്‍വ്വതി. പുഴു എന്ന സിനിമയില്‍ താനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഒരു ഗൂഡാലോചനയായിട്ടാണ് തോന്നിയതെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഹര്‍ഷദിക്ക അത് എഴുതുന്നതും മമ്മൂട്ടിയെ പോലൊരു ആക്ടര്‍ ആ കഥാപാത്രം ഏറ്റെടുത്ത് ചെയ്യാന്‍ തയാറാവുന്നതും ആ സിനിമയുടെ ഭാഗമാവാന്‍ എനിക്ക് അവസരം കിട്ടുന്നതും പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്. എല്ലാവരും നല്ല ആളുകളാകണമെന്നല്ല ഞാന്‍ ഒരിക്കലും പറഞ്ഞിട്ടുള്ളത്. പക്ഷേ തെറ്റായ വ്യക്തികളെ കാണിക്കുമ്പോള്‍ അത് ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാന്‍ പറ്റും എന്നുള്ളതിന്റെ ടെസ്റ്റമെന്റാണ് പുഴു എന്ന സിനിമയെന്നും താരം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി ചിത്രം കസബയെ കുറിച്ച് പാര്‍വതി മുമ്പൊരിക്കല്‍ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ശേഷമാണ് പാര്‍വതി മമ്മൂട്ടിക്കൊപ്പം പുഴു ചെയ്തത്. താന്‍ പറഞ്ഞതിനെ തെളിയിക്കാന്‍ പോകുന്നതാണ് പുഴു എന്ന സിനിമ എന്നും പിന്നീട് പാര്‍വതി പറഞ്ഞിരുന്നു. പുളിയോ എരിവോ ഉള്ള മരുന്ന് എന്ത് മധുരത്തില്‍ മുക്കി ചാലിച്ച് കൊടുക്കണമെന്നുള്ളത് മനസിലാക്കാന്‍ പഠിക്കണം. കുട്ടനെ പോലൊരു കഥാപാത്രമായി സാധാരണ ഇത്തരം റോള്‍ ചെയ്യുന്ന ഒരു ആക്ടറിനെ വെച്ചാല്‍ അതില്‍ പുതുമയെന്താണുള്ളത്. 70 മുതല്‍ 90 ശതമാനം വരെ വില്ലന്‍ സ്പേസ് കൊടുക്കുമ്പോള്‍, ഇഷ്ടപ്പെടുന്ന ഒരു നടനാണെങ്കില്‍ ആദ്യത്തെ രണ്ടുമൂന്ന് സീനില്‍ ഇഷ്ടം തന്നെയാണ് തോന്നുക. പിന്നെ അയാളുടെ ഓരോരോ ചെയ്തികളും നമുക്ക് തന്നെയാണ് കൊള്ളുക. ഇയാളെന്താ ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നും. നമ്മുടെ ഉള്ളില്‍ തന്നെയാണ് ഈ തോന്നലുകള്‍ മാറുക. അതൊരു ട്രോജന്‍ ഹോഴ്സ് ടെക്നിക്കാണെന്നും പാര്‍വ്വതി വ്യക്തമാക്കി.