ആയിരത്തിലധികം തിയേറ്ററുകൾ; റിലീസിന് ഒരുങ്ങി ‘മഡ്ഡി’; ഇന്ത്യയിലെ തന്നെ ആദ്യത്തെ മഡ് റേസ് ചിത്രം
1 min read

ആയിരത്തിലധികം തിയേറ്ററുകൾ; റിലീസിന് ഒരുങ്ങി ‘മഡ്ഡി’; ഇന്ത്യയിലെ തന്നെ ആദ്യത്തെ മഡ് റേസ് ചിത്രം

ഇന്ത്യയിലെ തന്നെ ആദ്യത്തെ മഡ് റേസ് ചിത്രമായ മഡ്ഡിയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ ഇതിനുമുമ്പ് പരീക്ഷിച്ചിട്ടില്ലാത്ത മഡ് റേസിംഗ് ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം ഡിസംബർ 10നാണ് റിലീസ് ചെയ്യുന്നത്. വർഷങ്ങൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് ഈ ചിത്രം നവാഗതനായ ഡോ. പ്രഗഭൽ പൂർത്തിയാക്കിയത്. അതിസാഹസികമായ രംഗങ്ങൾ ഡ്യൂപ്പുകൾ ഇല്ലാതെ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതാണ് മഡ്ഡിയുടെ ഏറ്റവും വലിയ പ്രത്യേകത. കെ.ജി.എഫ് എന്ന ബ്രഹ്മാണ്ട ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി ബസ്റൂർ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നൽകുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് ആണ് ചിത്രത്തിന് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. കെ ജി രതീഷ് ആണ് ഛായാഗ്രഹണം. നിരവധി ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഈ ചിത്രം തീർത്തും ഒരു തീയേറ്റർ എക്സ്പീരിയൻസ് ചിത്രമാണെന്നും ആവേശം നിറഞ്ഞ അതിസാഹസികമായ രംഗങ്ങളും ത്രസിപ്പിക്കുന്ന വിഷ്വൽ ഓഡിയോ അനുഭവവും ഒക്കെ അതിന്റെ ഭംഗി ചോരാതെ കൃത്യമായി പ്രേക്ഷകരിലെത്തിക്കുന്നത് ആണ് താൻ ഇത്രയും നാളും കാത്തിരുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ഡോ പ്രഗഭൽ വ്യക്തമാക്കി.

മലയാളം ഉൾപ്പെടെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലേക്ക് മഡ്ഡി റിലീസ് ചെയ്യുന്നതായിരിക്കും. പി.കെ 7 ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്. യുവാൻ, റിദ്ദാൻ കൃഷ്ണ, അമിത് ശിവദാസ്, അനുഷ സുരേഷ് തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ ഹരീഷ് പേരടി, ഐ.എം വിജയൻ രഞ്ജിപണിക്കർ സുനിൽ സുഗത, ശോഭാ മോഹൻ, ഗിന്നസ് മനോജ് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply