സംവിധായകൻ വി.എ ശ്രീകുമാർ അറസ്റ്റിൽ 2019-ൽ ഇദ്ദേഹത്തിനെതിരെ മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകിയിരുന്നു
തട്ടിപ്പു കേസിൽ പ്രമുഖ സംവിധായകനായ വി.എ ശ്രീകുമാർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഒരു കോടിയോളം രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ആലപ്പുഴ പോലീസ് വി.എ ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഒടിയൻ എന്ന ഒരു സിനിമ മാത്രമേ മലയാളത്തിൽ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും വി.എ ശ്രീകുമാറിനെ മലയാളികൾക്ക് ഏറെ സുപരിചിതനായ ചലച്ചിത്ര പ്രവർത്തകനാണ്. പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് ശ്രദ്ധനേടിയ ശ്രീകുമാർ പിന്നീട് ആയിരം കോടി ബഡ്ജറ്റിൽ ‘രണ്ടാമൂഴം’ എന്ന ബ്രഹ്മാണ്ട ചിത്രം മോഹൻലാലിനെ നായകനാക്കി ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്തതിനുശേഷം മഹാനായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുമായി നിയമപ്പോരാട്ടത്തിൽ ഏർപ്പെടുകയും ഒടുവിൽ കോടതി എം.ടിക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും അതോടെ രണ്ടാമൂഴം എന്ന പ്രൊജക്ട് ഉപേക്ഷിക്കപ്പെടുകയും ചെയ്തത് മലയാളികൾ വലിയ രീതിയിൽ ചർച്ച ചെയ്ത് വിഷയങ്ങളാണ്. വളരെ ആശ്ചര്യം ഉളവാക്കുന്ന റിപ്പോർട്ടുകളാണ് വി.എ ശ്രീകുമാറിനെതിരെ പുറത്തു വരുന്നത്. ഏകദേശം ഒരു കോടിയോളം രൂപ ശ്രീവത്സം ഗ്രൂപ്പിൽ നിന്നും തട്ടിയെടുത്തുവെന്ന പരാതിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് പ്രമുഖ സംവിധായകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.പാലക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച രാത്രി ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
സിനിമ നിർമ്മിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് പരാതിക്കാരായ ശ്രീവത്സം ഗ്രൂപ്പിൽ നിന്നും ഒരു കോടിയോളം രൂപ കൈപ്പറ്റിയ വി.എ ശ്രീകുമാർ പിന്നീട് പ്രോജക്റ്റിനെ പറ്റി കൂടുതലായുള്ള വിവരങ്ങളൊന്നും നൽകുന്നില്ല എന്നും പലതരത്തിലുള്ള കാരണങ്ങൾ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് എന്നും പരാതിയിൽ പറയുന്നു.ഇതിനു മുമ്പ് വി.എ ശ്രീകുമാർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു എന്നാൽ കോടതി ഹർജി തള്ളിക്കളയുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.2019 ഒക്ടോബർ മാസം വി.എ ശ്രീകുമാറിനെതിരെ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന നടി മഞ്ജുവാര്യർ ഡിജിപി ലോക്നാഥ് ബഹ്റയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. സംവിധായകൻ ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ സംസ്ഥാനത്തിന്റെ പോലീസ് മേധാവിയെ നേരിൽ കണ്ട് പരാതി നൽകിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്ന് മഞ്ജുവാര്യരുടെ പരാതിയിന്മേൽ ശ്രീകുമാറിനെതിരെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.