‘മമ്മൂട്ടിയെ ദൈവം അറിഞ്ഞാൽ മതി’; ഒ. വി. വിജയൻ എഴുതുന്നു
‘ഖസാക്കിന്റെ ഇതിഹാസം’ എന്ന ആദ്യ നോവലിലൂടെ മലയാളസാഹിത്യ ശൈലിക്ക് പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന സാഹിത്യകാരനാണ് ഒ. വി. വിജയൻ. മലയാള സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളം എഴുത്തുകാരനായ പത്രപ്രവർത്തകനുമൊക്കെയായിരുന്നു ഇദ്ദേഹം. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്ത് വർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ എന്നിങ്ങനെ ഒട്ടനവധി ബഹുമതികൾ നേടിയിട്ടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. കൂടാതെ 2003 – ൽ രാഷ്ട്രപതി എ. പി. ജെ. അബ്ദുൽ കലാം ഇദ്ദേഹത്തെ പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഒരിക്കൽ മമ്മൂട്ടിയെകുറിച്ച് ഒ. വി. വിജയൻ എഴുതിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എല്ലാ മലയാളികൾക്കും അറിയാവുന്ന രണ്ടു വ്യക്തിത്വങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും സാഹിത്യകാരൻ ഒ. വി. വിജയനും. എന്നാൽ ഇവർക്ക് പരസ്പരം അറിയുമോ എന്നത് ഒരു രസകരമായ ചോദ്യമാണ്. ഇത്തരം ഒരു രസകരമായ സംഭവത്തെക്കുറിച്ചാണ് ഒ. വി. വിജയൻ പറയുന്നത്. ഒരിക്കൽ ഡൽഹിയിൽ വെച്ച് നടന്ന പുസ്തകച്ചന്തയുടെ ഉദ്ഘാടനത്തിൽ പങ്കെടുത്തപ്പോഴാണ് ഒ. വി. വിജയനും മമ്മൂട്ടിയും ആദ്യമായി പരസ്പരം കണ്ടുമുട്ടുന്നത്. ‘വിജയേട്ടാ’ എന്ന് വിളിച്ചുകൊണ്ട് സംസാരിക്കാനായി അടുത്ത് വന്ന മമ്മൂട്ടിയെ ഒ. വി. വിജയന് ആദ്യം മനസ്സിലായില്ല. എന്നാൽ അതിൽ ഒട്ടും പരിഭവിക്കാതെ എന്റെ പേര് മമ്മൂട്ടി എന്നാണെന്നും ഞാൻ സിനിമാനടൻ ആണെന്നും ഒ. വി. വിജയനോട് മമ്മൂട്ടി പറഞ്ഞു. ആ സംഭവത്തെ ഒ. വി. വിജയൻ ഇങ്ങനെയാണ് എഴുതിയത്.
‘വിജയേട്ടാ’ എന്നു വിളിച്ചുകൊണ്ട് ചെറുപ്പക്കാരൻ ചടുലമായി എന്നോട് സംവദിക്കുന്നു. ‘മനസ്സിലായില്ല…’ ഞാൻ ക്ഷമാപണം ചെയ്തു. ‘എന്റെ പേര് മമ്മൂട്ടി’, ചെറുപ്പക്കാരൻ പറഞ്ഞു. ഇവിടെയാണ് വങ്കന്റെ ചോദ്യം പ്രകാശിക്കപ്പെടുന്നത്, ഞാൻ ചോദിച്ചു, ‘മമ്മൂട്ടി എന്ത് ചെയ്യുന്നു?’ ‘ഞാൻ സിനിമാനടനാണ്’. ഞാൻ ചിരിച്ചു, മമ്മൂട്ടിയും. വിനയവനായ ആ ചെറുപ്പക്കാരന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഒ. വി. വിജയൻ അറിഞ്ഞില്ലെന്നത് ഒരു പ്രശ്നമല്ല മമ്മൂട്ടിയെ ദൈവം അറിഞ്ഞാൽ മതി’. മലയാളത്തിന്റെ ഇതിഹാസം ഒ. വി. വിജയൻ മമ്മൂട്ടിയെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്. ഇന്ന് ഒ. വി. വിജയൻ ജീവിച്ചിരിപ്പില്ല. എന്നാൽ ഇന്നും ഒ. വി. വിജയൻ എന്ന സാഹിത്യകാരനും അദ്ദേഹത്തിന്റെ ഈ വാക്കുകളും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്.