2023 സാക്ഷ്യം വഹിക്കുക നിവിൻപോളിയുടെ പുതിയ മുഖമോ? നിവിൻപോളി- ഹനീഫ് അദേനി ചിത്രം പ്രഖ്യാപനം ഉടൻ

വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരമാണ് നിവിൻ പോളി. പിന്നീട് വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി നിവിൻപോളി പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രം യുവാക്കൾ അടക്കം ഏറ്റെടുത്തത് തന്നെയായിരുന്നു. 2015 അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ കേരളത്തിനകത്തും പുറത്തും നിവിൻപോളി എന്ന താരം വളർന്ന് വരികയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന സിനിമയിൽ ജൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായിരുന്നു.

2016 ആക്ഷൻ ഹീറോ ബിജു എന്ന ഹിറ്റ് സിനിമയിലൂടെ അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്ത് താരം കഴിവ് തെളിയിച്ചു. 2014 ബാംഗ്ലൂർ ഡേയ്സ്, 1983 എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 2019 പുറത്തിറങ്ങിയ മൂത്തവൻ എന്ന ചിത്രത്തിലെ അക്ബർ സാഹിബ് എന്ന കഥാപാത്രത്തിന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും മികച്ച നടനുള്ള ന്യൂയോർത്ത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡും ലഭ്യമായി. ഇതിന് പുറമേ സൗത്ത് ഇന്ത്യൻ ഇൻറർനാഷണൽ ഫിലിം അവാർഡ്, സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ്, കേരള ഫിലിം ക്രിട്ടിക് അസോസിയേഷൻ അവാർഡ്, ആനന്ദ് വിഘടൻ സിനിമ അവാർഡ് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്.

നിവിൻ പോളിയുടെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. കുറച്ചുനാളായി അമിതവണ്ണത്തിന്റെ പേരിൽ വലിയതോതിൽ വിമർശനം നേടിയ താരത്തിന്റെ തിരിച്ചുവരവ് ഇപ്പോൾ ആരാധകരും ആഘോഷമാക്കി കഴിഞ്ഞിരിക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ രൂപമാറ്റം എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം രണ്ടുമാസം കൊണ്ടാണ് നിവിൻ വണ്ണം കുറച്ചത് എന്നും ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് തിരികെ എത്തിയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഹനീഫ അദേനിയും നിവിനും ഒന്നിക്കുന്ന ചിത്രം ജനുവരി എട്ടിന് ദുബായിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടും പുറത്തുവന്നിരുന്നു.

മിഖായിൽ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പ്രോജക്ട് ആണ് ഇത്. പോളി ജൂനിയർ പിക്ചേഴ്‌സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് പുറമേ ബാലു വർഗീസ്, ഗണപതി,വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളവും നിവിൻ ചിത്രത്തിന്റെ ലൊക്കേഷൻ ആയി തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിജിലാന്റി എന്നാണ് ചിത്രത്തിൻറെ പേര്. മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല .റോഷൻ ആൻഡ്രൂസ് ചിത്രമായ സാറ്റർഡേ നൈറ്റ് ആണ് അവസാനമായി താരത്തിന്റെ റിലീസ് ചെയ്ത ചിത്രം. രാജീവ് രവിയുടെ തുറമുഖമാണ് ഇനി വരാനിരിക്കുന്ന ചിത്രം.

Related Posts