തൊട്ടാൽ പൊള്ളുന്ന ദളിത്-ജാതിരാഷ്ട്രീയം ‘നായാട്ട്’ പറയുന്നത് ആരും പറയാത്ത ഇരകളുടെ കഥ
1 min read

തൊട്ടാൽ പൊള്ളുന്ന ദളിത്-ജാതിരാഷ്ട്രീയം ‘നായാട്ട്’ പറയുന്നത് ആരും പറയാത്ത ഇരകളുടെ കഥ

ചാർളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘നായാട്ട്’. തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രത്തിന് ആദ്യ ദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെ ഗൗരവകരമായ സാമൂഹ്യ അവസ്ഥയെ പറ്റി ചർച്ച ചെയ്യുന്ന ചിത്രം ദളിത് രാഷ്ട്രീയത്തിന്റെ ഇതുവരെ ആരും പറയാത്ത മോശം വശങ്ങളെ തുറന്നു കാട്ടാൻ ശ്രമിക്കുന്നു. കുഞ്ചാക്കോ ബോബൻ,ജോജു ജോർജ്, നിമിഷ സജയൻ എന്നി താരങ്ങളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന കഥാഗതി കാലഘട്ടത്തിനു യോജിച്ചതും പുതിയ വ്യാഖ്യാനങ്ങൾ രൂപീകരിക്കുന്നതിനും വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. പോലീസുകാരുടെ പിടിയിൽ നിന്നും രക്ഷനേടാനായി മൂന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നെ ഓടിയൊളിക്കുന്ന ചിത്രത്തിന്റെ കഥാഗതി മലയാള സിനിമയ്ക്കും പ്രേക്ഷകനും പുതിയ അനുഭവം തന്നെയാണ് നൽകുന്നത്. ദളിത് എന്ന പ്രയോഗം ചിത്രത്തിന്റെ കാതലായി തന്നെ നിലകൊള്ളുന്നു. ‘മരിച്ചത് എന്നെപ്പോലെ ഒരു ദളിതനാടാ..’ എന്ന ജോജു ജോർജിന്റെ ഡയലോഗ് നാളിതുവരെയായി പ്രേക്ഷകർ കേട്ട ശീലിച്ച പ്രയോഗങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവത്തിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ സവർണ്ണ മേധാവിത്വത്തെ പുൽകുന്ന മഹാന്മാരായ ചലച്ചിത്രകാരന്മാരെയാണ് കാണാൻ കഴിയുക. എന്നാൽ ജാതി രാഷ്ട്രീയത്തിന്റെ തീവ്രതയും അതിന്റെ വ്യാപ്തിയും എത്രത്തോളം കേരളസമൂഹത്തിൽ മോശമായി തന്നെ ഇടപെട്ട് കഴിഞ്ഞുവെന്ന് നായാട്ട് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

പ്രത്യേകിച്ച് ഒരു സംഘടനയോ സമുദായത്തെയോ ചിത്രം അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുമ്പോഴും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ആ മുന്നറിയിപ്പ് വെറും പൊള്ളത്തരം ആണെന്ന് മനസ്സിലാക്കുന്നു. ആരെയാണ് ഏതൊക്കെ സംഘടനയാണ് ചിത്രം വിമർശിക്കാൻ ശ്രമിക്കുന്നതെന്ന് ആരംഭത്തിൽ തന്നെ പ്രേക്ഷകന് പിടി കിട്ടുകയും ചെയ്യുന്നു. മഹാന്മാരായ അംബേദ്കറുടെയും അയ്യങ്കാളിയുടെയും ചിത്രങ്ങൾ പലകുറി ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്നു. സംവിധായകൻ ആരെക്കുറിച്ചാണ് പറയാൻ ശ്രമിക്കുന്നത് എന്ന് വളരെ കൃത്യമായി ഇതോടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ദളിത് ജീവിതങ്ങളുടെ ദുരിതങ്ങളെ പുതിയ മലയാള സിനിമ ഇതുവരെയും അഡ്രസ്സ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. എന്നാൽ നായാട്ട് ആ രാഷ്ട്രീയ പദ്ധതികളുടെ ഭീകരതയെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നു. എന്നാൽ ദളിതർ കഥ പറയാൻ തുടങ്ങി കഴിഞ്ഞാൽ ഒരു നായാട്ടിന്റെ കദന കഥയിൽ അത് തീരില്ല, ഒരു കഥ മാത്രം അതിന് മതിയാവില്ല. ഉച്ചനീചത്വങ്ങളുടെ മാറാപ്പു പേറി ഒരു ജനത എങ്ങുമെത്താതെ ഇപ്പോഴും ഈ സമൂഹത്തിൽ ജീവിച്ച കൊണ്ടിരിക്കുമ്പോൾ അവരെ മറ്റൊരു ദിശാ ബോധത്തിലേക്ക് സഞ്ചരിക്കാൻ ഈ ചിത്രം പ്രേരണ ആകുമോ എന്ന് കാത്തിരുന്ന് കാണണം. വിവാദങ്ങൾ ഇതുവരെ തലപൊക്കിട്ടില്ലെങ്കിലും കേരളത്തിന്റെ സാംസ്കാരിക മണ്ഡലങ്ങളിൽ നായാട്ട് ഒരു വലിയ ചർച്ചാവിഷയം തന്നെയാകും.

Leave a Reply