പിടിച്ചിരുത്തുന്ന വാദപ്രതിവാദങ്ങൾ; സത്യത്തിൻറെ നേർകാഴ്ചയായ് ‘നേര്’, റിവ്യൂ വായിക്കാം
1 min read

പിടിച്ചിരുത്തുന്ന വാദപ്രതിവാദങ്ങൾ; സത്യത്തിൻറെ നേർകാഴ്ചയായ് ‘നേര്’, റിവ്യൂ വായിക്കാം

രോ നിമിഷവും ഇനിയെന്ത് എന്ന് ചിന്തിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ളൊരു കഥാഗതി. അഭിനേതാക്കളുടെ മത്സരിച്ചുള്ള അഭിനയമുഹൂർത്തങ്ങൾ. മനസ്സുലയ്ക്കുന്ന പ്രകടനങ്ങൾ… മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ‘നേര്’ മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു ഒരു റിയലിസ്റ്റിക് കോർട്ട് റൂം ഡ്രാമയാണെന്ന് നിസ്സംശയം പറയാം.

തുമ്പ പോലീസ് സ്റ്റേഷനിലേക്കെത്തുന്ന ഒരു ഫോൺകോളിലാണ് സിനിമയുടെ തുടക്കം. കാഴ്ചയില്ലാത്തൊരു കുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന നേരം പീഡിപ്പിക്കപ്പെടുന്നു. പെട്ടെന്നുണ്ടായ ആ സംഭവത്തിൻറെ ഞെട്ടലിലാണ് ആ പെൺകുട്ടി. മുഹമ്മദ് എന്നയാളുടെ മകൾ സാറയാണ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. ദൃക്സാക്ഷികളാരുമില്ലാത്ത ആ കേസിൽ പക്ഷേ പോലീസിന് ഒരു തുമ്പ് ലഭിക്കുകയാണ്. ഒരു ശിൽപ്പികൂടിയായ സാറ തന്നെ പീഡിപ്പിച്ചയാളുടെ മുഖം ചെളിയിൽ മെനയുന്നു. സമീപത്തുള്ളവരേയും വന്നുപോയവരേയും സംശയാസ്പദമായ രീതിയിൽ കണ്ടവരേയുമൊക്കെ വിളിച്ചുവരുത്തി ഒരു തിരിച്ചറിയൽ പരേഡാണ് പിന്നെ. കാഴ്ചയില്ലാത്തതിനാൽ തൊട്ടുനോക്കിയാണ് സാറ ഓരോരുത്തരേയും തിരിച്ചറിയുന്നത്.

ഒടുവിൽ അവൾ തന്നെ പീഡിപ്പിച്ചയാളുടെ അടുത്തെത്തുന്നു. തോട്ടുനോക്കിയതും കരണം പുകച്ചൊരു അടിയാണ് പെട്ടെന്ന് അവൾ കൊടുക്കുന്നത്. പ്രതിയാരന്ന് അവിടെ നിശ്ചയിക്കപ്പെടുന്നു. പിന്നീട് കേസ് കോടതിയിലെത്തുന്നതും അനിതരസാധാരണമായ വാദപ്രതിവാദങ്ങളും മറ്റുമൊക്കെയായി തീർത്തും ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ശേഷം ചിത്രം നീങ്ങുന്നത്.

മുഹമ്മദായി ജഗദീഷിൻറേയും സാറയായി അനശ്വരയുടേയും ഉള്ളുലയ്ക്കുന്ന പ്രകടനങ്ങൾ തന്നെയാണ്. ഈ കേസ് വാദിക്കാനെത്തുന്ന അഭിഭാഷകരായാണ് അഡ്വ. ജയശങ്കറും അഡ്വ. വിജയമോഹനും എത്തുന്നത്. ലക്ഷണമൊത്തൊരു റിയലിസ്റ്റിക് കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ഇവരുടെ വരവോടെ ചിത്രം. ഒരു കേസിൽ ഉൾപ്പെടുന്ന ഇരയുടേയും വേട്ടക്കാരൻറേയും കേസ് ഏറ്റെടുക്കുന്ന അഭിഭാഷകരുടേയുമൊക്കെ മനോ വ്യാപാരങ്ങളിലൂടേയും മറ്റുമൊക്കെയാണ് തുടർന്ന് സിനിമയുടെ സഞ്ചാരം.

മലയാളത്തിൽ തീർത്തും അപൂർവ്വമായി മാത്രം സംഭവിക്കുന്നൊരു ചിത്രമെന്ന് വിശേഷിപ്പിക്കാം നേരിനെ. തൻറെ പതിവ് സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു പരിചരണമാണ് നേരിന് ജീത്തു ജോസഫ് നൽകിയിരിക്കുന്നത്. അഡ്വ.ശാന്തി മായാദേവിയുമായി ചേർന്ന് അദ്ദേഹം ഒരുക്കിയിരിക്കുന്ന തിരക്കഥ പഴുതുകളില്ലാത്തതാണ്. ഇമോഷണൽ രംഗങ്ങളിലും കോടതി രംഗങ്ങളിലുമൊക്കെ അഡ്വ.വിജയമോഹനായി മോഹൻലാലിൻറെ അസാധ്യ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒപ്പം അഡ്വ. ജയശങ്കറായി സിദ്ധിഖിൻറെ മികവാർന്ന പ്രകടനവും മകളായെത്തുന്ന പ്രിയാമണിയുടെ അഭിനയവും ഏറെ മികച്ചതാണ്.

ഒരു പീഡനക്കേസിൻറെ നാൾ വഴികളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രം ത്രില്ലും സസ്പെൻസുമൊന്നുമില്ലാതെ ഓരോ മനുഷ്യ മനസ്സുകളുടേയും ഉള്ളിൽ പതിയുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. യാതൊരു ഗിമ്മിക്കുകളുമില്ലാതെ കോടതി നടപടികളെയൊക്കെ തീർത്തും സത്യസന്ധമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സതീഷ് കുറുപ്പിൻറെ ഛായാഗ്രഹണവും വിഷ്ണു ശ്യാമിൻറെ സംഗീതവും സിനിമയുടെ സ്വഭാവത്തോട് നീതി പുലർത്തുന്നതായിരുന്നു. ഈ തുമ്പ പീഡനക്കേസും അതിലുൾപ്പെട്ടവരുടെ ജീവിതവും അതിജീവനവും പോരാട്ടവും തീർച്ചയായും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കും. സത്യസന്ധമാണ്, അസാധാരണമാണ് ഈ ‘നേര്’, തീർച്ചയായും തിയേറ്റർ മസ്റ്റ് വാച്ചാണ് ചിത്രം.