മോഹൻലാലിന്റെ നേര് 100 കോടി കടന്നോ?; ഔദ്യോഗിക വിവരങ്ങൾ ഉടൻ വരും
മോഹൻലാൽ എന്ന നടൻ മലയാള സിനിമയിൽ ഒരു വലിയ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് നേര്. റിലീസ് ചെയ്ത ദിവസം തന്നെ വലിയ കളക്ഷനാണ് ചിത്രം നേടിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി കളക്ഷൻ നേടുകയും ചെയ്തു. ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് വൻ ചലച്ചിത്രാനുഭവം സമ്മാനിച്ച ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും നേരിനുണ്ട്.
മുഴുവൻ സമയ കോർട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ നേരിന്റെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ട്വീറ്റുകളും വൈറൽ ആകുകയാണ്. നേര് ബോക്സ് ഓഫീസിൽ നൂറ് കോടി നേടി എന്നതാണ് വാർത്ത. മോഹൻലാലിന്റെ വിവിധ ഫാൻ പേജുകളിലും പുതിയ വാൾ പോസ്റ്ററിലും ഇത്തരത്തിൽ കുറിച്ചിട്ടുണ്ട്.
നേരിന്റെ വേൾഡ് വൈഡ് കളക്ഷൻ നൂറ് കോടിയാണെന്നാണ് കുറിച്ചിരിക്കുന്നത്. നേരിന്റെ ഗ്രോസ് കളക്ഷനല്ല ബിസിനസ് ആണ് നൂറ് കോടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ കുറിക്കുന്നു. അതായത് തിയറ്റർ, നോൺ തിയറ്റർ കളഷനുകൾ ചേർത്താണിത്. ഓഡിയോ, മ്യൂസിക്, ഒടിടി ബിസിനസുകൾ ഇവയിൽപ്പെടുന്നു. എന്നാൽ ബിസിനസ് ആയിലും അല്ലാതെയായലും നേര് 100കോടി നേടിയോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
നേര് അൻപത് കോടി നേടിയപ്പോൾ മോഹൻലാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അറിയിച്ചിരുന്നു. ഇതുവരെ 100കോടി നേടിയ കാര്യം അദ്ദേഹം അറിയിച്ചിട്ടുമില്ല. എന്തായാലും നേര് 100കോടി നേടിയോ ഇല്ലയോ എന്ന കാര്യത്തിൽ വൈകാതെ ഔദ്യോദിക വിശദീകരണം വരുമെന്നാണ് കരുതപ്പെടുന്നത്. 2023 ഡിസംബർ 21നാണ് നേര് റിലീസ് ചെയ്തത്.