‘ കുറേ വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ നിറഞ്ഞ് കവിയുന്നു’ ; ലോക്സഭയില്‍ പത്താനെ പ്രശംസിച്ച് പ്രധാന മന്ത്രി
ഷാരൂഖ് ഖാന് നായകനായി എത്തിയ പത്താന് ബോളിവുഡിന്റെ തലവര മാറ്റിവരച്ച ചിത്രമാണ്. ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. 13 ദിവസം കൊണ്ട് 865 കോടി രൂപയാണ് പത്താന് സ്വന്തമാക്കിയത്. ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണിത്. ഇപ്പോഴിതാ പത്താന്റെ ഹൗസ്ഫുള് ഷോകളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രശംസ. ‘ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി’ എന്നാണ് പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞത്.
ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ബിജെപി പ്രവര്‍ത്തകരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പഠാനെതിരെ ബോയ്കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും വന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്. ഇതിനെല്ലാമിടെ ജനുവരി 25-നായിരുന്നു ചിത്രത്തിന്റെ റിലീസ്. പത്താന് നല്കുന്ന സ്നേഹത്തിന് ഷാരൂഖ് ഇന്നലെ നന്ദി അറിയിച്ചിരുന്നു. ഈ ആഴ്ച മുതല്‍ കുറച്ച ടിക്കറ്റ് നിരക്കിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. കെജിഎഫ്2 ഹിന്ദിയുടെ കളക്ഷന്‍ തകര്‍ത്ത ചിത്രം, ഇനി മത്സരിക്കുന്നത് ബാഹുബലി2-നോടാണ്. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
അതേസമയം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് പത്താന് എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. സംഘപരിവാറിന്റെ ബഹിഷ്കരണാഹ്വാനത്തിനിടെ തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ സ്വന്തമാക്കിയത് റെക്കോഡ് കളക്ഷനാണ്. സിനിമയിലെ ബെഷറംരംഗ് എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണം ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടന ഭീഷണി മുഴക്കിയത്. സിദ്ധാര്‍ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്മാന് ഖാന്റെ അതിഥിവേഷവും ചിത്രത്തിന്റെ പ്രധാന്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന് തിയറ്ററുകളിലെത്തി.