‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴിലേക്കും റിലീസിനെത്തുന്നു ; വിസ്മയിപ്പിക്കാന്‍ മമ്മൂട്ടി
1 min read

‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴിലേക്കും റിലീസിനെത്തുന്നു ; വിസ്മയിപ്പിക്കാന്‍ മമ്മൂട്ടി

മ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. തേനീ ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തിയേറ്ററില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ ചിത്രം 1.76 കോടി നേടിയതായാണ് അനൗദ്യോഗിക കണക്കുകള്‍. മൂന്നാം ദിവസമായ ഇന്ന് 1.11 കോടി നേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴിലേക്കും റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴില്‍ ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് അയല്‍ സംസ്ഥാനത്തേയ്ക്ക് മമ്മൂട്ടി ചിത്രത്തെ എത്തിക്കുന്നത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ‘വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പര്‍ശിയായ പ്രകടനങ്ങളുമായി നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍. ഏറ്റവും മനോഹരമായ റിവ്യുകള്‍ കേള്‍ക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകള്‍ പങ്കിടുക’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.