‘മമ്മൂട്ടിയുടെ കരുതലും വാത്സല്യവും ലൊക്കേഷനിലെ നിത്യസാന്നിധ്യവും അഭിനയജീവിതത്തില്‍ പ്രചോദനമായി’ ; മനസ് തുറന്ന് മനോരഞ്ജന്‍
1 min read

‘മമ്മൂട്ടിയുടെ കരുതലും വാത്സല്യവും ലൊക്കേഷനിലെ നിത്യസാന്നിധ്യവും അഭിനയജീവിതത്തില്‍ പ്രചോദനമായി’ ; മനസ് തുറന്ന് മനോരഞ്ജന്‍

ന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ നിറഞ്ഞാടുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ ഗംഭീരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ മുഴുനീളകഥാപാത്രമായതിന്റെ ആവേശത്തിലാണ് എലത്തൂരിലെ അരങ്ങില്‍ മനോരഞ്ജന്‍. ജയപ്രകാശ് കുളൂരിന്റെ ‘ഇത് ഒരു കുരങ്ങന്റെ കഥയല്ല’, ‘പാല്‍പ്പായസം’ എന്നീ നാടകങ്ങളിലൂടെ ശ്രദ്ധേയനായ മനോരഞ്ജന്‍ ഇതിനിടെ ചെറുതും വലുതുമായി മുപ്പതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

നന്‍പകല്‍ നേരത്ത് മയക്കം സിനിമയില്‍ തുടക്കംതൊട്ട് ഒടുക്കംവരെ മമ്മൂട്ടിക്കൊപ്പമുള്ള യാത്രയില്‍ മനോരഞ്ജനുമുണ്ട്. ബസില്‍ വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിനുപോകുന്ന പതിനഞ്ചംഗസംഘത്തിലെ ഒരാളാണ് മനോരഞ്ജന്റെ ജോസ് എന്ന കഥാപാത്രം. ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രീകരണസമയത്തെ അനുഭവമുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ മറക്കാനാവാത്തതാണെന്ന് താരം പറയുന്നു. പഴനിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ഉള്‍ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ അഭിനേതാക്കളും ഒത്തൊരുമിച്ച് സ്‌നേഹവും സൗഹൃദവും പങ്കിട്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ 32 ദിവസങ്ങള്‍. ഇതിനിടയില്‍ സിനിമയുടെ നിര്‍മാതാവുകൂടിയായ മമ്മൂട്ടിയുടെ കരുതലും വാത്സല്യവും ലൊക്കേഷനിലെ നിത്യസാന്നിധ്യവും അഭിനയജീവിതത്തില്‍ ഏറെ പ്രചോദനമായെന്നും മനോരഞ്ജന്‍ പറയുന്നു. വിനയ് ഫോര്‍ട്ട് നായകനായ ‘സോമന്റെ കൃതാവ്’, ലാലും നിരഞ്ജനും പ്രധാനവേഷത്തിലെത്തുന്ന ‘ഡിയര്‍ വാപ്പി’, മാമുക്കോയ നായകനായ ‘മലബാര്‍’ എന്നിവയാണ് മനോരഞ്ജന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

അതേസമയം ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴിലേക്കും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ തമിഴില്‍ ജനുവരി 26ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് അയല്‍ സംസ്ഥാനത്തേയ്ക്ക് മമ്മൂട്ടി ചിത്രത്തെ എത്തിക്കുന്നത്. തമിഴ് ഭാഷയും ഗ്രാമങ്ങളും ഇടകലരുന്ന ചിത്രമായതിനാല്‍ അവിടെയും വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.