‘ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളുടെയും പേര് മറക്കാതെ മനസ്സില്‍ പതിഞ്ഞ് കിടപ്പുണ്ടങ്കില്‍ അത് ‘ലേലം’ ആയിരിക്കും’ ; കുറിപ്പ്
1 min read

‘ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളുടെയും പേര് മറക്കാതെ മനസ്സില്‍ പതിഞ്ഞ് കിടപ്പുണ്ടങ്കില്‍ അത് ‘ലേലം’ ആയിരിക്കും’ ; കുറിപ്പ്

“നേരാ തിരുമേനി, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല”, ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഡയലോഗുകളിലൊന്നാണിത്. ആനക്കാട്ടില്‍ ഈപ്പച്ചന്റേയും മകന്‍ ചാക്കോച്ചിയുടേയും മാസ് ഡയലോഗുകള്‍ ഇന്നും മിമിക്രി വേദികളില്‍ മുഴങ്ങാറുണ്ട്. 1997 ലായിരുന്നു ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലേലം തിയേറ്ററുകളിലേക്ക് എത്തിയത്. സോമന്‍, നന്ദിനി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, മോഹന്‍ ജോസ് , കൊല്ലം തുളസി, കവിയൂര്‍ രേണുക, ഷമ്മി തിലകന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ബോക്സോഫീസില്‍ നിന്നും വന്‍വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി ശരിക്കും ജീവിക്കുകയായിരുന്നു. തീപ്പൊരി ഡയലോഗുകളും ആക്ഷനുമൊക്കെയായി ബോക്സോഫീസ് അടക്കിഭരിക്കുകയായിരുന്നു അദ്ദേഹം.
നന്ദിനിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സോമന്റെ കരിയറിലെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയ്ക്കിടയിലായിരുന്നു അദ്ദേഹം അസുഖബാധിതനായത്. സിനിമ തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പായിരുന്നു അദ്ദേഹം അന്തരിച്ചത്. ഇപ്പോഴിതാ ലേലം സിനിമയെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

നാമൊക്കെ ഓരോ തരത്തില്‍ പല സിനിമകളുടെ ഇഷ്ടക്കാരാണ്. ചില പടങ്ങള്‍ വിജയിച്ചവയാവാം ചിലത് പരാജയ സിനിമകളാവാം. എങ്കിലും ഓരോരുത്തര്‍ക്കും ഒരോരോ ഇഷ്ടങ്ങളാണ്. പല സിനിമകളിലേയും നായകന്റെ പേര്, വീട്ടു പേര്, വില്ലന്റെ പേര്, തറവാട്, ഒക്കെ നമുക്ക് മനപാഠമായിരിക്കും. അതിപ്പോ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സായാലും, പൂവള്ളി ഇന്ദുചൂടനായാലും, മുണ്ടയ്ക്കല്‍ ശേഖരനായാലും, ചക്കച്ചാംപറമ്പില്‍ ജോയി ആയാലും… ലിസ്റ്റ് ഇങ്ങനെ നീണ്ട് കിടക്കുകയാണ്. എന്നാല്‍ ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളുടെയും പേര് നമ്മുടെ മനസ്സിലേക്ക് മറക്കാതെ പതിഞ്ഞ് കിടപ്പുണ്ടങ്കില്‍ അത് ‘ ലേലം’ ആയിരിക്കും . ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ മുതല്‍ ഒറ്റപ്ലാമൂട്ടില്‍ ശോശ വരെ നമ്മുടെ ഓര്‍മ്മ മണ്ഡലത്തില്‍ കാണും:
ആനക്കാട്ടില്‍ ഈപ്പച്ചന്‍
ആനക്കാട്ടില്‍ ചാക്കോച്ചി
കുന്നേല്‍ മാത്തച്ചന്‍
കുന്നേല്‍ ഔതക്കുട്ടി
കടയാടി ബേബി
കടയാടി തമ്പി
കടയാടി രാഘവന്‍
കീരി വാസവന്‍
കൊല്ലം തുളസിയുടെ പാപ്പി
കൊച്ചു ത്രേസ്യ
സിദ്ദീഖിന്റെ ഹുസൈന്‍
പേരിലൂടെ മാത്രം പ്രശസ്തയായ ഒറ്റപ്ലാമൂട്ടില്‍ ശോശ
മലയാള സിനിമയുടെ സ്വന്തം ബിഷപ്പ്.
ഇവരെല്ലാം നമ്മളിലേക്ക് ആഴ്ന്നിറങ്ങിയ കഥാ പാത്രങ്ങളായിരുന്നു. ഒരു സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ കഥാപാത്രങ്ങളെ ഒറ്റയടിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റിയ മറ്റ് സിനിമകളുണ്ടോ സുഹൃത്തുക്കളെ…