റിലീസിനു മുമ്പേ മമ്മൂട്ടി- ലിജോ ജോസ് ചിത്രം ‘ നന്‍പകല്‍ നേരത്ത് മയക്കം’ പ്രശസ്ത ഫിലിം ഫെസ്റ്റിവലിലേക്ക്
മെഗസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ ‘ മമ്മൂട്ടി കമ്പനിയും’ ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലെ പ്രമേയം. അതേസമയം, ചിത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്ന് നേരത്തെ ചിത്രത്തിന്റെ സഹസംവിധായകനായ ടിനു പാപ്പച്ചന് വ്യക്തമാക്കിയിരുന്നു. അതുപോലെ താനും മമ്മൂക്കയും ഒരുമിച്ച് ചെയ്ത നാല് ചിത്രങ്ങളും മനോഹരമായിരുന്നെന്നും, ആരാധകരുടെ കാത്തിരിപ്പിനും പ്രതീക്ഷകള്ക്കുമൊത്ത സിനിമയാണിതെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തന്നെ പൂര്‍ത്തിയായിരുന്നു. പഴനി, കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ വെച്ചാണ് ഷൂട്ടിങ് നടന്നത്. സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേഷനുകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേഷന് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ ഉണ്ടാകില്ല എന്നതാണ് ആ റിപ്പോര്‍ട്ട്. നേരത്തെ ഓണത്തിന് റിലീസ് ആകാനിരുന്ന ചിത്രമായിരുന്നു ഇതെങ്കിലും റിലീസ് തീയ്യതിയില്‍ മാറ്റം വരുത്തി എന്നാണ് വാര്‍ത്ത.
കൂടാതെ, ലിജോ ജോസിന്റെ മറ്റ് സിനിമകള്‍ പോലെ ഈ ചിത്രവും ഫിലിം ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശനം ചെയ്ത ശേഷം മാത്രമേ തിയേറ്ററില്‍ റിലീസ് ചെയ്യു എന്നും റിപ്പോര്‍ട്ട് ഉണ്ട്. മിക്കവാറും അടുത്ത വര്‍ഷമാകും ചിത്രം തിയേറ്ററില്‍ എത്തുക. ഈ വാര്‍ത്ത സിനിമാ പ്രേമികളെ ഏറെ നിരാശപ്പെടുത്തിയെങ്കിലും, തിയേറ്ററില്‍ എത്തിയാല്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മമ്മൂട്ടി ചിത്രമായിരിക്കും ഇത്. അതുപോലെ തന്നെ മമ്മൂട്ടിക്ക് നിരവധി അവാര്‍ഡുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ചിത്രം കൂടിയാണിത്. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയും, മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. അമരം എന്ന സിനിമയ്ക്ക് ശേഷം ആദ്യമായി നടന് അശോകനും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.