മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; ഞെട്ടലോടെ പ്രേക്ഷകര്‍
1 min read

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; ഞെട്ടലോടെ പ്രേക്ഷകര്‍

മലയാള സിനിമയുടെ അറിയപ്പെടുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഉണ്ടാകുന്ന സിനിമകള്‍ കാണാന്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. നല്ല നല്ല സിനിമകള്‍ നല്‍കിയ സൂപ്പര്‍ ഹിറ്റ് കോമ്പോയാണ് ഇവരുടേത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണ് ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങിയവ. മരക്കാര്‍ അറബികടലിന്റെ സിംഹമാണ് ഇവര്‍ അവസാനമായി ഒന്നിച്ച ചിത്രം. മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ഇത്. 85-100 കോടി ബജറ്റില്‍ ഒരേ സമയം മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ചു.

ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്ന വാര്‍ത്തയായിരുന്നു അത്. ഇരുവരുടേയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഒരു ബോക്‌സിങ് ചിത്രം ആണ് എന്നായിരുന്നു സൂചന. ആ വാര്‍ത്ത പുറത്തു വന്ന സമയത്ത് മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലിക്കാന്‍ പോയ വീഡിയോകളും, മോഹന്‍ലാല്‍ തന്റെ ബോക്‌സിങ് മാസ്റ്ററെ കണ്ടു മുട്ടിയ ഒരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പിന്നീട് ഈ ചിത്രം മാറ്റിവെച്ചെന്നും വാര്‍ത്തകള്‍ വരികയുണ്ടായി. എന്നാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി പ്രിയദര്‍ശന്‍ കുറച്ചു ഇടവേള എടുക്കട്ടേ എന്നായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പ്രിയദര്‍ശന്‍ ഒരു ത്രില്ലര്‍ ചിത്രം ഒരുക്കാന്‍ പോവുന്നു എന്നതാണ് ആ വാര്‍ത്ത. മലയാളത്തിലെ യുവ താരങ്ങള്‍ക്ക് ഒപ്പം ആണ് ഈ ചിത്രം ഒരുക്കാന്‍ പോവുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ മലയാളത്തില്‍ മാത്രം അല്ല ഹിന്ദിയിലും അക്ഷയ്കുമാര്‍ ആയി പ്രിയദര്‍ശന്‍ ഒരു ചിത്രം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകളും വരുന്നുണ്ട്. എന്നാല്‍ എല്ലാംകൂടെ നോക്കുമ്പോള്‍ ആരാധകര്‍ക്ക് വ്യക്തമായത് മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു എന്ന് തന്നെയാണ്.