‘പട’ നിർബന്ധമായും കാണുക, കാണിക്കുക, റിവ്യൂന് കാക്കരുത്’: കണ്ടവർ ഒരേ സ്വരത്തിൽ വേഗം പോയി പട കാണാൻ പറയുന്നു
1 min read

‘പട’ നിർബന്ധമായും കാണുക, കാണിക്കുക, റിവ്യൂന് കാക്കരുത്’: കണ്ടവർ ഒരേ സ്വരത്തിൽ വേഗം പോയി പട കാണാൻ പറയുന്നു

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്ത ചിത്രമാണ് ‘പട’. ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. ‘ഒരു ട്രൂ സ്റ്റോറിയൊക്കെ എടുത്ത് വെക്കുന്നേല്‍ ദാ ഇതുപോലെ എടുത്ത് വെക്കണം’, ‘തിയേറ്ററുകളുടെയും ഷോയുടെയും എണ്ണം കുറവായിരിക്കും…ഒന്നും നോക്കണ്ടാ എവിടാണെന്ന് വെച്ചാല്‍ സമയം കണ്ടെത്തി പോയി കണ്ടോ’- ഇങ്ങനെ പോകുന്നു പ്രേക്ഷകപ്രതികരണങ്ങള്‍.

പട കണ്ട ത്രില്ലില്, പറഞ്ഞും ,കണ്ടും ,വായിച്ചും പണ്ടെങ്ങോ മറന്നു പോയ പഴയ ഓര്‍മകളുടെ പകിട്ടുകള്‍ ഒക്കെ പൊടി തട്ടി എടുക്കാന്‍ കാണിച്ച പടയുടെ ടീമിന് ബിഗ് സല്യൂട്ട് എന്നാണ് ഒരു സിനിമാസ്വാദകന്റെ കുറിപ്പ്. പറയണം ഇനിയും ചര്‍ച്ചയാവണം, ഇങ്ങനെയുള്ള വിഷയങ്ങള്‍ അന്ന് നടന്ന പ്രതിഷേധങ്ങള്‍ അതിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അത്രമേല്‍ വിലപ്പെട്ടതാണ് പട തന്നതിന് നന്ദി ഹസ്ബു എന്ന സിനിമാസ്വാദകന്‍ കുറിച്ചു.
അയ്യങ്കാളി പട അംഗങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മധ്യസ്ഥരും വരെ, ചിത്രത്തിലെ അസംഖ്യം കഥാപാത്രങ്ങളിലൂടെ എല്ലാവരുടെയും ഉദ്ദേശ്യത്തിന്റെ സമഗ്രമായ ചിത്രം അദ്ദേഹം അവതരിപ്പിക്കുന്നു. പട ഗംഭീരമാണെന്നും കാലികപ്രസക്തമാണെന്നും കാണേണ്ട പടമാണെന്നും ആസ്വാദകര്‍ കുറിച്ചിട്ടുണ്ട്.

1996ല്‍ നടന്ന അയ്യങ്കാളിപ്പട എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ പോരാട്ടമാണ് കഥയുടെ ഇതിവൃത്തം. കലക്ടറെ ബന്ദിയാക്കി, ആദിവാസി സമൂഹത്തിന് വാദങ്ങളും ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവകാശങ്ങളും സര്‍ക്കാരിനെയും പൊതു സമൂഹത്തെയും അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. മാറിമാറിവരുന്ന ഭരണകൂടം വാഗ്ദാനങ്ങള്‍ നല്‍കുകയും നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതല്ലാതെ ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയോ അവരുടെ ഉന്നമനം ഉറപ്പുവരുത്തുകയോ ചെയ്യുന്നില്ല. മറിച്ച് ഏറ്റവുമൊടുവില്‍ കൊണ്ടുവന്ന നയം അവരെ ഭൂരഹിതരാക്കുന്നതായാണ് കാണുന്നത് ഇതിനെതിരെയാണ് പട പൊരുതുന്നത്.

പ്രകാശ് രാജ്, ഇന്ദ്രന്‍സ്, ജഗദീഷ്, ഉണ്ണിമായ പ്രസാദ്, കനികുസൃതി, റ്റി.ജി. രവി എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര ചിത്രത്തെ മനോഹരമായ ദൃശ്യാവിഷ്‌ക്കാരമാക്കി മാറ്റുന്നു. 1975ല്‍ നിലവില്‍ വന്ന ആദിവാസി ഭൂനിയമം 21 വര്‍ഷത്തോളം ആദിവാസികള്‍ക്ക് പ്രയോജനമില്ലാതെ തുടരുന്നു. തുടര്‍ന്ന് 1996-ല്‍ നിലവില്‍ വരുന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് ആദിവാസി ഊരുകളെ മുഴുവന്‍ കഷ്ടത്തിലാക്കുന്നു. ഇതിന് എതിരേ പോരാട്ടമുഖത്തേക്കുള്ള അയ്യങ്കാളി പട എന്ന നാല്‍വര്‍ സംഘത്തിന്റെ കടന്നുവരവാണ് ചിത്രം വരച്ചു കാട്ടുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണെങ്കിലും കഥാപാത്രങ്ങളുടെ പേര് പരിഷ്‌കരിച്ചിട്ടുണ്ട്. രാകേഷായി കുഞ്ചാക്കോ ബോബന്‍ എത്തുമ്പോള്‍ ബാലുവായി എത്തുന്നത് വിനായകനാണ്. നാരായണ്‍കുട്ടിയായി ദിലീഷ് പോത്തനും അരവിന്ദനായി ജോജു ജോര്‍ജ്ജും എത്തുന്നു.