‘എമ്പൂരാൻ കഴിഞ്ഞാൽ അടുത്ത സിനിമ മമ്മൂക്കയ്ക്കൊപ്പം’ എന്ന് തുറന്നുപറഞ്ഞ് മുരളി ഗോപി
1 min read

‘എമ്പൂരാൻ കഴിഞ്ഞാൽ അടുത്ത സിനിമ മമ്മൂക്കയ്ക്കൊപ്പം’ എന്ന് തുറന്നുപറഞ്ഞ് മുരളി ഗോപി

നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മുരളി ഗോപി. 1955 – ൽ ഇന്ത്യൻ എക്സ്പ്രസിൽ മാധ്യമപ്രവർത്തകനായി ജോലി ആരംഭിച്ച മുരളി ഗോപി പിന്നീട് ദി ഹിന്ദുവിലും പ്രവർത്തിച്ചു. പ്രശസ്ത നടൻ ഭരത് ഗോപിയുടെ മകനായ മുരളി ഗോപി 2004 – ലാണ് സിനിമ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നത്. ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് അദ്ദേഹമായിരുന്നു. കഥയും മുരളിയുടേത് തന്നെയായിരുന്നു. ചിത്രത്തിൽ കാള ഭാസ്കരൻ എന്ന വില്ലൻ കഥാപത്രത്തിൽ എത്തിയതും ഗോപിയായിരുന്നു. 2009 – ൽ പുറത്തിറങ്ങിയ ഭ്രമരമെന്ന ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അടുത്ത കാലത്തായി പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കമ്മാര സംഭവം, ലൂസിഫർ തുടങ്ങിയ മികച്ച ചിത്രങ്ങളുടെ കഥയും, തിരക്കഥയും മുരളി ഗോപിയുടെ സംഭാവനകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. മുരളി ഗോപി തിരക്കഥ എഴുതി പൃഥിരാജ് സംവിധായക വേഷത്തിൽ പുറത്തിറങ്ങിയ ലൂസിഫറി ന്റെ രണ്ടാം ഭാഗമാണ് എമ്പൂരാൻ. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതേസമയം എമ്പൂരാൻ പൂർത്തിയായതിന് ശേഷം അടുത്ത ചിത്രം മമ്മൂട്ടിയ്ക്ക് വേണ്ടിയാണ് താൻ എഴുതുക എന്നാണ് അദ്ദേഹമിപ്പോൾ പറയുന്നത്. ഭാഷ മികവ് പ്രേക്ഷകർക്ക് മുൻപിൽ അഭിനയത്തിലൂടെ സ്‌ക്രീനിൽ കാണിച്ച് കൊടുക്കാൻ കഴിയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടിയെന്നും ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു നടനെ കിട്ടുക എന്നതു പോലും വലിയ സ്വപ്നമാണെന്നും മുരളി പറഞ്ഞു. ” ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിനയിക്കുന്ന നടൻ എന്നാണ് ” മമ്മൂട്ടിയെ ഗോപി വിശേഷിപ്പിച്ചത്.

എമ്പൂരാനെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും, മൂന്ന് ഭാഗങ്ങളുള്ള സിനിമയാണ് ഇതെന്നും, തുടർച്ചയായിട്ടാണ് മൂന്നു ഭാഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2021 – ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കേണ്ടത് ആയിരുന്നെന്നും, എന്നാൽ കോവിഡ് പ്രതിസന്ധി കാരണം സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി ലൊക്കേഷനുകളുള്ള സിനിമയായതുകൊണ്ട് 2022 പകുതിയോടെ ചിത്രത്തിന്റെ പകുതിയോടെ ഷൂട്ടിങ്ങ് ആരംഭിക്കാം എന്നാണ് കരുതുന്നതെന്നും മുരളി ഗോപി വ്യക്തമാക്കി.