”ഇതാണോ.. ഇതാണോ മോഹൻലാൽ”, കൗതുകത്തോടെ അമ്മൂമ്മ; ‘പോരുന്നോ എന്റെ കൂടെയെന്ന്’ മോഹൻലാൽ
1 min read

”ഇതാണോ.. ഇതാണോ മോഹൻലാൽ”, കൗതുകത്തോടെ അമ്മൂമ്മ; ‘പോരുന്നോ എന്റെ കൂടെയെന്ന്’ മോഹൻലാൽ

രുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ ലൊക്കേഷനിൽ നടന്ന ഒരു രസകരമായ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലെ ചിത്രത്തിൻറെ സെറ്റിൽ മോഹൻലാലിനെ കാണാൻ എത്തിയ ഒരു അമ്മൂമ്മയും മോഹൻലാലും സംസാരിക്കുന്ന വീഡിയോയാണ് ഇത്.

മോഹൻലാൽ എവിടെ എന്ന് ചോദിച്ച് കൊണ്ട് വന്ന അമ്മൂമ്മയ്ക്ക് കാറിൽ മടങ്ങാൻ ഒരുങ്ങുന്ന മോഹൻലാലിനെ കാണിച്ച് കൊടുക്കുകയും മോഹൻലാലും അമ്മൂമ്മയും കെട്ടിപ്പിടിക്കുന്നതും തുടർന്ന് പോരുന്നോ എൻറെ കൂടെ എന്ന് അമ്മൂമ്മയോട് മോഹൻലാൽ ചോദിക്കുന്നതുമാണ് വീഡിയോയിൽ. ഇതാണോ..ഇതാണോ മോഹൻലാൽ എന്ന് ചോദിച്ച് കൊണ്ടാണ് അമ്മൂമ്മ മോഹൻലാലിന്റെ അടുത്തേക്ക് വരുന്നത് തന്നെ.

15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടിയ സിനിമ കൂടിയാണിത്. എൽ 360 എന്ന് താൽക്കാലികമായി പേരിട്ട സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. യുവനിരയിലെ ശ്രദ്ധേയ സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം മോഹൻലാലിൻറെ അഭിനയജീവിതത്തിലെ 360-ാം സിനിമയാണ്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം.

കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.