യുവ സംവിധായകരെ കൂട്ടുപിടിച്ച് മോഹൻലാൽ; തരുൺ മൂർത്തിക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചു, ഇത് 360ാം സിനിമ
1 min read

യുവ സംവിധായകരെ കൂട്ടുപിടിച്ച് മോഹൻലാൽ; തരുൺ മൂർത്തിക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചു, ഇത് 360ാം സിനിമ

ലയാള സിനിമയുടെ ട്രെൻഡ് മൊത്തത്തിൽ മാറിയിരിക്കുകയാണ്. ഈ ട്രെൻഡിനൊപ്പം അല്ലെങ്കിൽ അതിനൊരു പടി മുന്നിൽ നിൽക്കുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഈയിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം അതിനുള്ള മറുപടിയാണ്. എന്നാൽ സേഫ് സോണിൽ നിന്ന് മാറാതെ പതിവ് പാറ്റേൺ പിന്തുടരുന്ന രീതിയായിരുന്നു മോഹൻലാൽ സ്വീകരിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലിറങ്ങിയ മലൈക്കോട്ടൈ വാലിബൻ അതിൽ നിന്നും വിഭിന്നമായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ജോണറിൽ തന്നെ വിഭിന്നമായ ഈ ചിത്രം പതിവ് മോഹൻലാൽ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇപ്പോഴിതാ നവ സംവിധായകൻ തരുൺ മൂർത്തിക്കൊപ്പമാണ് മോഹൻലാലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അദ്ദേഹം കരിയറിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനയാണ്. യുവ സംവിധായകർക്കൊപ്പം തന്നെ തുടരാനാണ് താരത്തിന്റെ പുതിയ തീരുമാനം എന്ന് വേണം കരുതാൻ.

കരിയറിലെ 360-ാമത്തെ ചിത്രമാണ് തരുൺ മൂർത്തിക്കൊപ്പം ചെയ്യുന്നത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. L360 എന്നാണ് സിനിമയുടെ ടൈറ്റിൽ നെയിം. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

അതേസമയം, 2021ൽ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം 2023ൽ പുറത്തിറങ്ങിയ ‘നേര്’ ആണ് മോഹൻലാലിന്റെ ഒരേയൊരു ഹിറ്റ് ചിത്രം. മരക്കാർ, ആറാട്ട്, മോൺസ്റ്റർ, എലോൺ എന്നീ സിനിമകൾ തിയേറ്ററിൽ പരാജയമായിരുന്നു. ‘മലൈകോട്ടൈ വാലിബൻ’ ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതോടെ സിനിമയെക്കുറിച്ച് കൂടുതൽ മികച്ച അഭിപ്രായങ്ങൾ വരാൻ തുടങ്ങി.