“സുരേഷ്‌ഗോപി ഫാൻ ആയിരുന്ന എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ” ; കുറിപ്പ് വൈറൽ
1 min read

“സുരേഷ്‌ഗോപി ഫാൻ ആയിരുന്ന എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ” ; കുറിപ്പ് വൈറൽ

മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിൻ്റെ ഒരു സിനിമയിലെ അഭിനയത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

“മരണം തന്നിലേക്ക് അടുത്ത് കഴിഞ്ഞിരിക്കുന്നു എന്ന് എബി ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു.. താൻ പോയിക്കഴിഞ്ഞാൽ തന്റെ കുഞ്ഞുങ്ങൾ വീണ്ടും തെരുവിലേക്ക് വലിച്ചെറിയപ്പെടുമോ എന്നുള്ള ഭയമായിരുന്നു അയാൾക്ക്‌.. അത് കൊണ്ട് തന്നെയാണ്, തന്റെ മക്കളെ ഓർഫനേജിലാക്കാനുള്ള തീരുമാനം അയാൾക്ക് എടുക്കേണ്ടി വരുന്നതും.. അയാൾ അന്ന് രാത്രി, ആ കാര്യത്തെ പറ്റി തന്റെ കുട്ടികളോട് പറയുന്നതാണ് രംഗം..ക്ലോസ് അപ്പിൽ എബിയുടെ മുഖം…അയാൾ പറഞ്ഞു തുടങ്ങുന്നു..

” എന്താ..?? ആരും ഒന്നും മിണ്ടാത്തത്…?? അവിടെ നിങ്ങളെപ്പോലെ ഒരു പാട് കുട്ടികൾ ഉണ്ടാവും..അവരുടെ കൂടെ കളിക്കാം.. സ്കൂളിൽ പോകാം..തൊട്ടടുത്താ സ്ക്കൂള്…

വേണ്ടാ… എബി ചേട്ടൻ ഉണ്ടാവില്ലല്ലോ അവിടെ.. കൂട്ടത്തിൽ ഏതോ ഒരു കുട്ടി പറയുന്നു…

ചേട്ടൻ അത്യാവശ്യമായി ഒരിടം വരെ പോവുകയല്ലേ..വരാൻ ചിലപ്പോ വൈകും… അത് വരെ നിങ്ങളിവിടെങ്ങനെ ഒറ്റയ്ക്ക് കഴിയും…എബി സംസാരം തുടരുകയാണ്..

” നാളെ അച്ഛൻ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ട് പോകും.. ”

എബി പിന്നെയും പല കാര്യങ്ങളും കുട്ടികളെ ധരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു…

ഇടയ്ക്ക് കൂട്ടത്തിൽ ഒരു കുട്ടി ചോദിക്കുന്നു.. ” ചേട്ടനെപ്പോഴാ തിരിച്ചു വരിക..!??

അതിന് മറുപടി നൽകാൻ എബിക്കു ഉത്തരം ഉണ്ടായിരുന്നില്ല… അയാൾ തിരിഞ്ഞു നടക്കുന്നു..അല്പം ദൂരത്തു മാറി ചെന്ന് നിൽക്കുന്നു.. കുട്ടികൾ അയാളുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നു.. പിന്നണിയിൽ പതിഞ്ഞ സ്വരത്തിലും താളത്തിലും ആ ഗാനം…

” ഉണ്ണികളേ ഒരു കഥ പറയാം…”

പിന്നീടങ്ങോട്ട് ആ പാട്ടും ബിജിഎം ഉം ഒക്കെയാണ്.. ആ പത്ത് പതിനഞ്ചു മിനിറ്റ് സീനിൽ സങ്കടം കാണിക്കാൻ അയാൾ ഒരിടത്തും തന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീർ പൊടിക്കുന്നില്ല… തന്റെ മുഖത്തെ പേശികൾ ഇറുക്കി പിടിച്ച് അഭിനയിക്കുന്നില്ല…

പക്ഷെ അവിടെ നിന്നങ്ങോട്ട് ഞാൻ കരഞ്ഞു തുടങ്ങും… ഏറ്റവും ഒടുവിൽ ഊഞ്ഞാലിൽ എബി മരിച്ചു കിടക്കുന്നതും കുട്ടികൾ ഓടി വന്ന് കെട്ടിപ്പിടിച്ചു കരയുന്നതും കൂടിയാവുമ്പോ കരഞ്ഞ് കരഞ്ഞ് എനിക്കെന്റെ താടിയെല്ലുകൾ വേദനിച്ചു തുടങ്ങിയിട്ടുണ്ടാവും…💕💕🥹🥹 ചിത്രം : ഉണ്ണികളേ ഒരു കഥ പറയാം… റിലീസ് : 1987, അയാൾക്ക് അന്ന് 27 വയസ്…”

നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുകൾ ചെയ്തിരിക്കുന്നത്. “മോഹൻലാൽ എന്ന നടനവൈഭവത്തിന്റെ അമൃതവർഷത്തിൽ മുങ്ങിക്കുളിച്ച കൗമാര – യൗവന കാലങ്ങൾ… ഇനിയങ്ങേരുടെ താടി അനങ്ങിയില്ലെങ്കിലോ കണ്ണുകൾ ഇമവെട്ടിയില്ലെങ്കിലോ ആർക്ക് പരാതി… പത്തുപതിനഞ്ചു വർഷങ്ങൾ തീയേറ്ററുകൾ പൂരപ്പറമ്പുകളാക്കി ഞങ്ങൾ കുറച്ചാളുകളുടെ തലമുറ കൊണ്ടാടിയ അർമ്മാദം പുനരാവിഷ്കരിക്കാൻ കെൽപ്പുള്ള പടങ്ങളൊന്നും ഇനി ഇറങ്ങാനില്ല… ” എന്നായിരുന്നു ഒരു കമൻ്റ്. കുട്ടിക്കാലത്ത് സുരേഷ്‌ഗോപി ഫാൻ ആയിരുന്ന എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ…. ലാലേട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങിയ സിനിമ… എന്നായിരുന്നു മറ്റൊരു കമൻ്റ്.