‘ഈ ഡെവില്‍ സ്‌മൈലൊക്കെ ലാലേട്ടന്‍ 27ാം വയസ്സില്‍ വിട്ട സീനാണ് മമ്മൂക്ക…’; വിന്റേജ് മോഹന്‍ലാല്‍ റേഞ്ചിനെക്കുറിച്ച് ആരാധകര്‍
2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ഈ പ്രായത്തിലും യുവാക്കളേക്കാളുമെല്ലാം അപ്ഡേറ്റായി കഥകള്‍ തെരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ സെലക്ഷനും നിരവധി കൈയ്യടികളായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റോഷാക്ക് സ്ട്രീമിംഗ് ആരംഭിച്ചത്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ കാണിച്ച ധൈര്യത്തേയും തികച്ചും പരീക്ഷ ചിത്രമെന്ന് പറയുന്ന റോഷാക്കിനെ നിര്‍മ്മിക്കാന്‍ കാണിച്ച ധൈര്യത്തേയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു.
മമ്മൂട്ടിയുടെ മൈന്യൂട്ട് ആയിട്ടുള്ള ഭാവങ്ങള്‍ പോലും പ്രേക്ഷകര്‍ എടുത്തുകാട്ടുന്നുണ്ട്. ലൂക്ക് ആന്റണിയേയും ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരതമ്യം ചെയ്തിരിക്കുന്ന ട്രോളുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രണ്ട് ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ ചിരിയെ എടുത്തുകാട്ടി ‘ചെകുത്താന്റെ ചിരി’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ അഭിനന്ദനങ്ങളില്‍ ചില ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ഡെവിളിഷ് സ്‌മൈല്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന അഭിനയനിമിഷങ്ങളൊക്കെ മോഹന്‍ലാല്‍ ചെറുപ്പത്തില് തന്നെ ചെയ്തുകഴിഞ്ഞതാണെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമൃതം ഗമയ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ.പി.കെ ഹരിദാസിന്റെ മെഡിക്കല്‍ കോളേജ് പഠനകാലം ചിത്രത്തിലെ സുപ്രധാന ഭാഗമായിരുന്നു. വിനീതിന്റെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെ ക്രൂരമായ റീഗിങ്ങിന് വിധേയനാക്കുന്ന ഹരിദാസിനെയാണ് കാണാനാകുക. വേദനയും ഭയവും അപമാനഭരവും കൊണ്ട് പുളയുന്ന ഉണ്ണികൃഷ്ണനെ നോക്കികൊണ്ടുള്ള ഹരിദാസിന്റെ ചിരിയാണ് മലയാള സിനിമയിലെ ചെകുത്താന്റെ ചിരികളില്‍ ഒന്ന് എന്നാണ് പലരും ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാല്‍ തന്റെ 27ാം വയസ്സിലാണ് ഹരിദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുപതുകള്‍ മുതല്‍ നാല്‍പതുകളുടെ അവസാനം വരെയുള്ള ഹരിദാസിന്റെ ജീവിതം സിനിമയില്‍ കടന്നുവരുന്നുണ്ട്. ഇതോടൊപ്പം ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചിരിയെക്കുറിച്ചും ചിലര്‍ പറയുന്നുണ്ട്. അതുകൊണ്ട് മമ്മൂട്ടിയ്ക്ക് മാത്രമേ ഇതൊക്കെ ചെയ്യാന്‍ സാധിക്കൂ എന്ന് പറയുന്നത് കടന്ന കയ്യല്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്.