ലോകകപ്പ് പോരാട്ടം കാണാന്‍ ഖത്തറിന്റെ അതിഥിയായി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും!
ഖത്തര്‍ ലോകകപ്പ് പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും എത്തി. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള കളി കാണാന്‍ എത്തുന്നത്. അതേസമയം, ഖത്തര്‍ ലോകകപ്പിന്റെ സംഘാടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ലോകകപ്പ് ഖത്തറില്‍ നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നിരുന്നെന്നും, എന്നാല്‍ മികവോടെ തന്നെ വിശ്വ മാമാങ്കം സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്നും, അവിശ്വസനീയമായ മികവോടെയാണ് ഖത്തര്‍ ലോകകപ്പ് സംഘടിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതുപോലെ, ഇത്രയും ചെറിയ ഒരു സ്ഥലമായിട്ടും എല്ലാവരെയും തൃപ്തിപ്പെടുത്തി ഖത്തറിന് ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നും മലയാളികളുടെ സാന്നിധ്യവും ഒരുപാട് ഉള്ള സ്ഥലമാണ് ഖത്തര്‍. ഖത്തറില്‍ ലോകകപ്പ് കാണാനെത്തിയവരില്‍ 30 ശതമാനവും മലയാളികള്‍ ആണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് ഫേവറിറ്റ് ടീം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട്ട് സോംഗ് കേരളമാകെ ആവേശം സൃഷ്ടിച്ചിരുന്നു. ഖത്തറില്‍ വച്ച് തന്നെയായിരുന്നു ഗാനം പുറത്തിറക്കിയത്. കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്‌ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്റെ ദൃശ്യാഖ്യാനം. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദൃശ്യത്തോടെയാണ് വീഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.
അതേസമയം, ഇന്ന് നടക്കുന്ന അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ലോക ജനങ്ങള്‍. കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും തമ്മിലുള്ള പോരാട്ടത്തിനൊപ്പം മധ്യനിര പിടിച്ചടിക്കാന്‍ അന്റോണിയോ ഗ്രീസ്മാനും എന്‍സോ ഫെര്‍ണാണ്ടസും തമ്മിലുള്ള പോരാട്ടം കൂടിയായി ഇന്നത്തെ മത്സരം മാറും.
ഇന്നത്തെ വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഖത്തര്‍ 2022 വിടവാങ്ങുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പാണ് ഖത്തറിലേത്.