രാജമൗലിയുടെ ഓഫര്‍ നിരസിച്ചവരുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍
ഇന്ത്യയില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാരാണെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന പേര് എസ്എസ് രാജമൗലിയുടേതായിരിക്കും. ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച രാജമൗലി ഇന്ന് ആര്‍ആര്‍ആര്‍ എന്ന സിനിമയിലൂടെ ആഗോള തലത്തില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്. മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം ആര്‍ആര്‍ആറിന് ലഭിച്ചു. ഓസ്കാറിന് പുറമെ നിരവധി അന്താരാഷ്ട്ര വേദികളില്‍ ആര്‍ആര്‍ആര്‍ പ്രശംസ നേടി. ദേശം ഭാഷ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
മിക്ക താരങ്ങളുടേയും ആഗ്രഹം രാജമൗലി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നതാണ്. ഇന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ രൗജമൗലി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്. എന്നും വ്യത്യസ്തമായ ആശയങ്ങള്‍ വന്‍ ദൃശ്യ വിരുന്നായി ഒരുക്കുന്നതാണ് രാജമൗലിയുടെ സംവിധാന രീതി. ഇന്ത്യയിലെ മാത്രമല്ല വിദേശ സിനിമാ താരങ്ങളും എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രങ്ങളില്‍ ഒരു ചെറു വേഷമെങ്കിലും ചെയ്യാന്‍ അവസരം തേടുന്നവരാണ്. എന്നാല്‍ എസ് എസ് രാജമൗലിയുടെ ചിത്രത്തിലെ അവസരം പല കാരണങ്ങളാല്‍ തിരസ്കരിക്കേണ്ടി വന്ന താരങ്ങളും ഇന്ത്യയിലുണ്ട്. ഹൃതൃിക് റോഷന് മുതല്‍ മോഹന്‍ലാല്‍ വരെ അക്കൂട്ടത്തില്‍ ഉണ്ട് .
രാജമൗലിയുടെ കരിയറിലെ വന്‍ ഹിറ്റ് ചിത്രമാണ് ബാഹുബലി. നടന് പ്രഭാസിന്റെ തലവര മാറ്റിയ ചിത്രവുമാണ് ബാഹുബലി. എന്നാല്‍ ബാഹുബലിയുടെ വേഷത്തിലേക്ക് രാജമൗലി ആദ്യം പരിഗണിച്ചത് ഹൃത്വിക് റോഷനെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ബാഹുബലി ഒരുക്കാനുമാണ് ആലോചിച്ചിരുന്നത്. തന്റെ പ്രൊജക്റ്റിനൊപ്പം ഒരാള്‍ ഔദ്യോഗികമായി ഭാഗമായി കഴിഞ്ഞാല്‍ മാത്രമേ എസ് എസ് രാജമൗലി കഥ വെളിപ്പെടുത്താറുള്ളൂ. ഇതിനാലാണ് ഹൃത്വിക് റോഷന് രാജമൗലിയുട സിനിമ വേണ്ടെന്നു വെച്ചത്. ബാഹുബലിയായി പ്രഭാസിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ഹൃത്വിക് മോഹന്‍ ജദാരോടെ ഭാഗമാകുകയായിരുന്നു.
ബോളിവുഡില്‍ നിന്നുള്ള നടനെയാണ് വില്ലന്‍ കഥാപാത്രമായ ഭല്ലദേവെയേയും അവതരിപ്പിക്കാന്‍ എസ് എസ് രാജമൗലി ആദ്യം ആലോചിച്ചത്. വിവേക് ഒബ്റോറിയെയായിരുന്നു രാജമൗലി പരിഗണിച്ചത്. തിരക്കായതിനാല്‍ വിവേക് ഒബ്റോയി പിന്മാറി. റാണാ ദഗുബാട്ടി ബാഹുബലിയുടെ ഭാഗമായി. ജോണ്‍ എബ്രഹാമിനെയും രാജമൗലി പരിഗണിച്ചിരുന്നു. എന്നാല്‍ ജോണ്‍ എബ്രഹാം മറുപടി പോലും നല്‍കിയില്ല. തുടര്‍ന്നാണ് റാണാ ദഗുബാട്ടിയെ തീരുമാനിച്ചതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ബാഹുബലിയിലെ രാജ്മാതാ ശിവഗാമിയുടെ ദേവിയെന്ന കഥാപാത്രമാകാന്‍ പരിഗണിച്ചത് ശ്രീദേവിയെയായിരുന്നു. പക്ഷേ ഉയര്‍ന്ന പ്രതിഫലം ചോദിച്ചതിനാല്‍ താരത്തിന് പകരം രമ്യാ കൃഷ്ണനെ രാജ്മാതാ ശിവഗാമിയുടെ ദേവിയാകാന്‍ രാജമൗലി തെരഞ്ഞെടുക്കുകയായിരുന്നു. കട്ടപ്പയാകാന്‍ എസ് എസ് രാജമൗലി ആദ്യം സമീപിച്ചത് നമ്മുടെ മോഹന്‍ലാലിനെയായിരുന്നു എന്നും അക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് തീരുമാനിച്ച ചില സിനിമകളുടെ തിരക്കുകളാല്‍ മോഹന്‍ലാല്‍ ഓഫര്‍ നിരസിക്കുകയായിരുന്നെങ്കിലും കംപ്ലീറ്റ് ആക്ടര്ക്കൊപ്പമുള്ള സിനിമ തന്റെ സ്വപ്നമാണ് എന്ന് രാജമൗലി പിന്നീടും പറഞ്ഞിട്ടുണ്ട്. കട്ടപ്പയായി എത്തിയത് നടന് സത്യരാജായിരുന്നു. സിംഹാദ്രിയിലെ നായകന്റെ വേഷത്തിലേക്ക് രാജമൗലി ആദ്യം ബാലകൃഷ്ണയെയാണ് സമീപിച്ചതെങ്കിലും നടന് നിരസിച്ചതിനാല്‍ ജൂനിയര്‍ എന്‍ടിആറിലേക്ക് എത്തുകയായിരുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന സിനിമയാണ് അടുത്തിടെ എസ് എസ് രാജമൗലി പ്രഖ്യാപിച്ചിട്ടുള്ളത്.