‘കൊച്ചിയിലാണെൽ വരും.. തിരുവനന്തപുരത്തേക്ക് ഒന്നിനും വരാൻ താൽപര്യമില്ലാ..’; സ്വദേശം തിരുവനന്തപുരത്ത് വച്ച് നടന്ന IFFKയിൽ നടൻ മോഹൻലാൽ പങ്കെടുക്കാതിരുന്നതിന് വിമർശനം

കേരളത്തിന്റെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു തുടക്കം കുറിച്ചത്. 15 സ്‌ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഭാവന, രഞ്ജിത്ത്, വെട്രിമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി സിനിമാ മേഖലയിലുള്ള പല പ്രമുഖ താരങ്ങളും ചലച്ചിത്ര മേളയുടെ ഭാഗമായിരുന്നു. ഉദ്ഘാടന വേദിയില്‍ ഭാവന എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അപ്രതീക്ഷിതമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഭാവനയെ ക്ഷണിച്ചത്.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന കൊച്ചി റീജിയണല്‍ ഐ.എഫ്.എഫ്.കെ ഏപ്രില്‍ ഒന്നിന് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത വന്നതിന് പുറകേ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. തിരുവനന്തപുരത്തെ ഐഎഫ്എഫ്‌കെയില്‍ എല്ലാ പ്രമുഖ താരങ്ങളും പങ്കെടുത്തിരുന്നു. എന്നാല്‍ ആ നാട്ടുകാരനായ ഒരു താരം തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കാതെ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തിന്റെ സ്വന്തം മോഹന്‍ലാല്‍ തിരുവനന്തപരത്ത് നടന്ന ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാതിരുന്നത് എന്താണെന്നെല്ലാമാണ് ആളുകള്‍ ചോദിക്കുന്നത്.

തിരുവനന്തപുരത്തേക്ക് ഒന്നിനും വരാന്‍ താല്‍പര്യമില്ലാത്ത തിരുവനന്തപുരംകാരായ സൂപ്പര്‍ സ്റ്റാറുകള്‍. എന്നിട്ട് തിരുവനന്തപുരം ലോബിയെന്ന പേരില്‍ പഴി മുഴുവന്‍ നമ്മുടെ നാടിന് എന്നെല്ലാം ക്യാപ്ഷനിട്ടാണ് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം ഉയരുന്നത്. കൊച്ചിയിലെ ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിന്റെ നോട്ടീസ് പങ്കുവെച്ച് ഈ ക്യാപ്ഷനും ട്രിവാന്‍ഡ്രം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ നിരവധിപേര്‍ മോഹന്‍ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ കമന്റുകള്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശികളായ ചില നടന്മാരൊക്കെ അവരുടെ സിനിമകളുടെ പ്രചരണത്തിന് വേണ്ടി മാത്രം ഇവിടെ വരുമ്പോള്‍ ‘എന്റെ നാട്’ ‘ശ്രീപത്മനാഭന്റെ മണ്ണ്’ ‘ആറ്റുകാലമ്മയുടെ മണ്ണ്’ എന്നൊക്കെ കയ്യടി വാങ്ങാന്‍ വേണ്ടി പറയും. പിന്നീട് അടുത്ത സിനിമ പ്രചരണത്തിനോ വേറെ വല്ല പരിപാടിക്കോ അല്ലാതെ ഇവിടെ കാണില്ല. മറ്റ് ചില ‘നഗരങ്ങളില്‍’ ആയിരിക്കും സ്ഥിര താമസം എന്ന് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ വിളിക്കാത്തതുകൊണ്ടായിരിക്കാം പോകാതിരുന്നതെന്നും മറ്റ് ചിലര്‍ പറയുന്നു. അതേസമയം സരിത, സവിത, കവിത തിയേറ്ററുകളിലായിട്ടാണ് മേള നടക്കുന്നത്. 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ കൊച്ചി മേളയിലും പ്രദര്‍ശിപ്പിക്കും.

Related Posts