കുസൃതി കാട്ടി ഡാന്‍സ് കളിച്ച് മോഹന്‍ലാല്‍ ; ‘മോണ്‍സ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം വൈറല്‍
1 min read

കുസൃതി കാട്ടി ഡാന്‍സ് കളിച്ച് മോഹന്‍ലാല്‍ ; ‘മോണ്‍സ്റ്ററി’ലെ ആദ്യ വീഡിയോ ഗാനം വൈറല്‍

ലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മോണ്‍സ്റ്റര്‍. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21നാകും ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യുക. യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

‘ഘൂം ഘൂം’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഒരു കുട്ടിക്കൊപ്പം കുസൃതികളോടെ നൃത്തം ചെയ്യുന്ന മോഹന്‍ലാലിനെയാണ് ഗാനരംഗത്ത് കാണാനാകുന്നത്. ഗാനം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. യൂട്യൂബില്‍ മൂന്നാമത് ട്രെന്‍ഡിംങില്‍ നില്‍ക്കുന്നത് ഈ ഗാനമാണ്. ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹരി നാരായണന്‍, നിഷ്‌ക് നബര്‍ എന്നിവരാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്.

സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് മോണ്‍സ്റ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.

അതേസമയം, ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തൃഷയാണ് നായികയായി എത്തുന്നത്. എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്റെയും വിവേകിന്റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാന്‍ എന്നിവയാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.