‘വരദരാജ മന്നാര്‍’ആയി വില്ലന്‍ ലുക്കില്‍ പൃഥ്വിരാജ് ; സലാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
1 min read

‘വരദരാജ മന്നാര്‍’ആയി വില്ലന്‍ ലുക്കില്‍ പൃഥ്വിരാജ് ; സലാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ന് അദ്ദേഹം തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജസേനന്‍ ചിത്രമായ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ സിനിമാനുഭവം നല്‍കുന്നതിന് തന്റേതായ ശ്രമങ്ങളിലാണ് അദ്ദേഹം.

ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പോസ്റ്ററിന് ഇതിനോടകം തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അതുപോലെ തന്നെ. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കന്നഡ സിനിമാ മേഖലയ്ക്ക് ഇന്ത്യയൊട്ടാകെ വന്‍ സ്വീകാര്യത നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു കെജിഎഫ്. രണ്ട് ഭാഗങ്ങളായി പ്രശാന്ത് നീല്‍ എന്ന യുവ സംവിധായകന്‍ ഒരുക്കിയ ഫ്രാഞ്ചൈസി വന്‍ ഹിറ്റായിരുന്നു. എക്കാലത്തെയും വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ കെജിഎഫ് എന്ന ചിത്രവും ഉണ്ട്. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം സലാര്‍ ആയതുകൊണ്ട് തന്നെ വന്‍ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകള്‍ക്കും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. 2023 സെപ്റ്റംബര്‍ 28 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് ശ്രുതി ഹാസന്‍ ആണ്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭുവന്‍ ഗൌഡയാണ് സലാറിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. രവി ബസ്‌രൂര്‍ ആണ് സംഗീത സംവിധാനം.