കാത്തിരുപ്പ് അവസാനിച്ചു …! മോഹൻലാലിൻ്റെ ” ബറോസ് ” പുതിയ അപ്ഡേറ്റ്
1 min read

കാത്തിരുപ്പ് അവസാനിച്ചു …! മോഹൻലാലിൻ്റെ ” ബറോസ് ” പുതിയ അപ്ഡേറ്റ്

എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. അത്തരം ഒരു ആകാംഷ പ്രേക്ഷകരിൽ ഉണ്ടാകാൻ പ്രധാന കാരണം ചിത്രത്തിന്റെ കപ്പിത്താൻ സാക്ഷാൻ മോഹൻലാലാണ് എന്നതാണ്. സിനിമയിലെ നാൽപ്പത് വർഷത്തെ അനുഭവ സമ്പത്ത് വെച്ചാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്തിരിക്കുന്നത്. വലിയ കാൻവാസിൽ വൻ മുതൽ മുടക്കിലാണ് ബറോസ് നിർമിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് നവംബര്‍ 4ന് വൈകീട്ട് അഞ്ച് മണിക്ക് എത്തുമെന്നാണ് മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി അറിയിച്ചിരിക്കുന്നത്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ബറോസ് നിർമ്മിച്ചിരിക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാർക്ക് കിലിയൻ ബറോസ് ടീമിന്‍റെ ഭാഗമാകുന്നുണ്ട്. ടികെ രാജീവ് കുമാറും ചിത്രത്തിന്‍റെ ഭാഗമാണ്. . 3 ഡി ചിത്രം ആയതിനാലും ഫാന്‍റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്.

സിനിമയുടെ സ്പെഷ്യല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലന്‍റിലും ആയാണ് നടക്കുന്നതെന്നും മറ്റ് ജോലികൾ എല്ലാം പൂർത്തിയായെന്നും മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്‍റേതായി തിയറ്ററുകളിലെത്താനിരിക്കുന്ന മറ്റൊരു ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. പുതുനിരയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്‍മിലേക്ക് മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് വാലിബന്‍റെ യുഎസ്‍പി. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.