ഒറ്റയാള്‍ പോരാട്ടവുമായി എത്തിയ മോഹന്‍ലാല്‍ ചിത്രം ‘എലോണ്‍’ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം ഒടിടിയില്‍ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യല്‍ ട്രെയ്ലറും അണിയറക്കാര്‍ പുറത്തുവിട്ടു.
2023ലെ മോഹന്‍ലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. തിയേറ്ററില്‍ ചിത്രം വന്നാല്‍ ലാഗ് ആണെന്ന് പ്രേക്ഷകര്‍ പറയുമെന്ന് സംവിധായകനും മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോണ്‍ എത്തിക്കുകയും ആയിരുന്നു.
മോഹന്‍ലാലിന്റെ ആദ്യ റിലീസായിരുന്ന സിനിമയ്ക്ക് ബോക്സോഫീസില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല. കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് നല്ല പ്രതികരണം ലഭിച്ചിവെങ്കിലും സിനിമയ്ക്ക് നിരവധി സമ്മിശ്ര അഭിപ്രായങ്ങള്‍ കിട്ടിയത്. പാന്‍ഡെമിക് ലോക്ക്ഡൗണ്‍ കാരണം ഒരു അപ്പാര്‍ട്ട്മെന്റില്‍ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ‘എലോണി’ന്റെ കഥ.
രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദന് രാമാനുജം ആണ് എലോണിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്ഗവന്, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുക ആണ്. റാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരി പ്രശാന്ത്, മണികണ്ഠന് ആചാരി എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റഫീക്ക് ആയിരുന്നു.