”ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എനിക്കെന്റെ പിള്ളേർ ഉണ്ടെടാ”; ഫാൻസ് അസോസിയേഷന്റെ വാർഷികം ആഘോഷിച്ച് മോഹൻലാൽ
ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാൽ തിരിച്ച് വരുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര്. കോർട്ട്റൂം ഡ്രാമയായി ഒരുങ്ങുന്ന ഈ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിനിടെ മോഹൻലാൽ ഫാൻസ് ആന്റ് വെൽഫയർ കൾച്ചറൽ അസ്സോസിയേഷൻ അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. മോഹൻലാൽ തന്നെയാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫാൻസ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്.
ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസ്സിൽ ചില സിനിമയിലെ തിരക്കഥയിലെ പോലെ എനിക്കെന്റെ പിള്ളേർ ഉണ്ടെടാ.. എന്ന് പറയാൻ കഴിയുമെന്ന് മോഹൻലാൽ ഉദ്ഘാടനത്തിൽ പറഞ്ഞു. കൂടാതെ ഫാൻസ് ക്ലബ്ബിന്റെ ആദ്യ ഉദ്ഘാടനം നടത്തിയത് മമ്മൂട്ടിയായിരുന്നെന്നും, മമ്മൂട്ടിയുമായുള്ള ആത്മബന്ധം വർഷങ്ങളായി തുടരുന്നതാണെന്നും മോഹൻലാൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
“25 വർഷം മുമ്പ് മമ്മൂട്ടിക്കയാണ് എന്റെ ഫാൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തത്. വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞങ്ങള് തമ്മിലുള്ളത്. എന്റെ സിനിമായാത്രയിൽ എപ്പോഴും കൂടെ അദ്ദേഹമുണ്ട്. ഇച്ചാക്ക തുടങ്ങിവെച്ച പ്രസ്ഥാനം 25 വർഷങ്ങൾക്ക് ശേഷവും നന്നായി തന്നെ മുന്നോട്ടു പോകുന്നത് അദ്ദേഹത്തിന്റെ ഗുരുത്വമായി ഞാൻ കാണുന്നു”- മോഹൻലാൽ പറഞ്ഞു. നെടുമ്പാശ്ശേരി സിയാല് കണ്വെഷൻ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
ഡിസംബർ 21 നാണ് നേര് തിയേറ്ററുകളിൽ എത്തുന്നത്. നേരിന് ശേഷം മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ എത്തും. ജനുവരി 25 നാണ് വാലിബാന്റെ വേൾഡ് വൈഡ് റിലീസ്.