“അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ” ; വാലിബനെക്കുറിച്ച് മോഹൻലാൽ
1 min read

“അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ” ; വാലിബനെക്കുറിച്ച് മോഹൻലാൽ

മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍. വാലിബനെത്താൻ ഇനി വെറും കുറച്ച് മണിക്കൂറുകൾ മാത്രം. കൗണ്ട് ഡൗൺ പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു മോഹന്‍ലാൽ. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ലാല്‍ ആരാധകരും കാണുന്നത്. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തി. സിനിമകളില്‍ എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ത്തന്നെ വാലിബന്‍റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ ഒരു തരം ആശങ്കയും ഉണ്ടാക്കുന്നുണ്ട്. ഏത് തരം പ്രതീക്ഷയുമായാണ് തിയറ്ററുകളിലേക്ക് എത്തേണ്ടതെന്ന് പ്രീ റിലീസ് അഭിമുഖങ്ങളില്‍ ലിജോയും മോഹന്‍ലാലുമടക്കം പലകുറി വിശദീകരിച്ചിരുന്നു. റിലീസിന് തൊട്ടുമുന്‍പ് മോഹന്‍ലാല്‍ തന്‍റെ ആരാധകരോട് അക്കാര്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി ട്വിറ്റര്‍ സ്പേസില്‍ മോഹന്‍ലാല്‍ ആരാധകര്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അതിഥിയായി എത്തിയ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ട് പറഞ്ഞത്. വാലിബന്‍ ഒരു മാസ് സിനിമയായി മാത്രം കാണരുതെന്ന് അദ്ദേഹം പറയുന്നു- “നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം.. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ”, മോഹന്‍ലാലിന്‍റെ വാക്കുകള്‍.

മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കുന്നുണ്ട്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.