
“പഴശ്ശിരാജ പോലെയുള്ള ഒരു ചിത്രം ഒരുകാലത്തും മോഹൻലാലിന് ചെയ്യാൻ കഴിയില്ല”: ബൈജു സന്തോഷ്
മലയാളികൾക്ക് സൂപരിചിതനായ നടനാണ് ബൈജു സന്തോഷ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ താരം നായകനായും സഹ നായകനായും വില്ലൻ വേഷങ്ങളിലും എല്ലാം സിനിമയിലെ പ്രത്യക്ഷപ്പെട്ടു. വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കുകയും സ്വഭാവിക സംസാരശൈലിയോടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സാന്നിധ്യം നേടിയെടുക്കുവാൻ ബൈജു സന്തോഷിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇന്ന് സജീവസാന്നിധ്യമാണ് താരം. താരത്തിന്റെ ഡയലോഗുകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന സ്വഭാവക്കാരനാണ് താരം. അത് ആരാധകർക്ക് നടനോടുള്ള ഇഷ്ടം വർദ്ധിപ്പിച്ചിട്ടേ ഉള്ളൂ.
വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ താരം മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം എല്ലാം സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1982 മുതൽ ചലച്ചിത്രരംഗത്ത് സജീവമായ താരം ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. നൂറോളം ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത താരം ചലച്ചിത്രത്തിന് പുറമേ ടെലിവിഷൻ പരമ്പരകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെ പറ്റി താരം പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തത്. “1981 ലാണ് ഞാൻ ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. കേൾക്കാത്ത ശബ്ദങ്ങൾ എന്നായിരുന്നു ചിത്രത്തിന്റെ പേര്.
അദ്ദേഹത്തിൻറെ ഏഴാമത്തെയോ എട്ടാമത്തെയോ ചിത്രം ആയിരുന്നു അത്. പുള്ളി ഒരു ബുള്ളറ്റിലാണ് ഷൂട്ടിങ്ങിലേക്ക് വരുന്നത്. തിരുവനന്തപുരത്തായിരുന്നു ചിത്രത്തിൻറെ ഷൂട്ടിംഗ്. ഭയങ്കര നാണക്കാരനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. വളരെ അടുപ്പം ഉള്ളവരോട് വളരെ ഫ്രീയായി പെരുമാറും. അദ്ദേഹത്തിൻറെ അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ കൂടെ നിൽക്കുകയോക്കെ ചെയ്തിട്ടുണ്ട്. എന്നും കണ്ടുകൊണ്ടിരിക്കുന്ന ആളായതുകൊണ്ട് വർഷങ്ങൾ കഴിഞ്ഞു കണ്ടാലും ഒരു ഗ്യാപ്പ് തോന്നുന്നില്ല. ഒരു സിനിമയിലും അദ്ദേഹം അഭിനയിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ജീവിക്കുകയാണ്. അനായാസമാണ് എല്ലാം ചെയ്യുന്നത്. അദ്ദേഹം വരുന്ന സമയത്ത് ഒരുപാട് ന്യൂനതകൾ ഉണ്ടായിരുന്നു.
പക്ഷേ അഭിനയം കൊണ്ട് അതെല്ലാം മറികടന്ന അദ്ദേഹത്തിൻറെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം സദയമാണ്. അത് ചെയ്യാൻ അത്ര എളുപ്പമല്ല. വില്ലനായി വന്ന് പിന്നെ ഉണ്ടായ ട്രാൻസ്ഫർമേഷൻ ഭീകരമാണ്. രാജാവിൻറെ മകൻ ഒക്കെ ഇറങ്ങിയശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്. അദ്ദേഹത്തിൻറെ വളർച്ചയ്ക്ക് കാരണം കഠിനാധ്വാനം തന്നെയാണ്. ഒരു വർഷം അദ്ദേഹം 24 സിനിമകളിൽ വരെ അഭിനയിച്ചിട്ടുണ്ട്. ഉറക്കം ഒന്നും ഇല്ലാതെ നടന്ന് അഭിനയിച്ചു. വെറുതെ ഒന്നും ആരും ഇങ്ങനെ ആവില്ല. പിന്നെ ഭാഗ്യം, അവസരങ്ങൾ എല്ലാം ഒത്തു വരുന്നതു കൂടിയാണ്. പെട്ടെന്നാണ് അദ്ദേഹം കയറി വന്നതും സ്റ്റാർ ആയതും. അദ്ദേഹത്തിന് ചേരാത്ത വേഷം ഏതാണുള്ളത്.
എൻറെ അറിവിൽ പഴശ്ശിരാജ പോലെയുള്ള ചിത്രങ്ങളിലെ റോളുകൾ പറ്റില്ല. പുള്ളിയുടെ ബോഡി ലാംഗ്വേജ് അതിന്പ്പറ്റിയതല്ല. അതൊഴികെ ഈ ഭൂമിയിൽ ഏത് കഥാപാത്രവും ചെയ്യാൻ കഴിയും. ഇത്രയും തടിവെച്ച് ഡാൻസ് ഒക്കെ ചെയ്യുന്നില്ലേ. ഡാൻസ് പഠിച്ചിട്ടുമില്ല. ഭയങ്കര ഓർമശക്തിയാണ്. ഡയലോഗ് എല്ലാം വേഗം പഠിക്കും. ഇനി ഒരു മോഹൻലാൽ ഉണ്ടാവില്ല. അതിപ്പോൾ ആരൊക്കെ തലകുത്തി നിന്നാലും സംഭവിക്കില്ല. അതുപോലെ ഒരു മമ്മൂട്ടിയും ഉണ്ടാവില്ല. ഇവരൊക്കെ സിനിമയ്ക്കായി ജനിച്ചവരാണ്. നമ്മൾ അമ്മ എന്ന് വിളിച്ചപ്പോൾ ഇവർ സിനിമ എന്നാണ് വിളിച്ചതെന്ന് തോന്നും. ഇത്രയും വർഷമായിട്ടും പിടിച്ചുനിൽക്കുന്നില്ലേ. മോഹൻലാൽ പണ്ടേ ഡ്യുപ്പിനെ അങ്ങനെ ഉപയോഗിക്കാറില്ല. ഗ്ലാസ് പൊട്ടുന്ന സീനൊക്കെ തന്നെ ചെയ്യും. സിനിമയ്ക്ക് വേണ്ടി എന്തും ത്യജിക്കാൻ അദ്ദേഹം തയ്യാറാണെന്നും” ബൈജു പറയുന്നു.