‘പടം സൂപ്പറാ ഇരുക്ക്… ഇതുപോലൊരു സിനിമ ഇതിന് മുന്‍പ് കണ്ടിട്ടേ ഇല്ല’ ; നന്‍പകല്‍ നേരത്ത് മയക്കം തമിഴ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍
1 min read

‘പടം സൂപ്പറാ ഇരുക്ക്… ഇതുപോലൊരു സിനിമ ഇതിന് മുന്‍പ് കണ്ടിട്ടേ ഇല്ല’ ; നന്‍പകല്‍ നേരത്ത് മയക്കം തമിഴ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍

മ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. കേരളത്തില്‍ മികച്ച പ്രതികരങ്ങള്‍ നേടി മുന്നേറിയ നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ ദിവസം മുതല്‍ തമിഴ് നാട്ടിലും റിലീസ് ചെയ്തിരുന്നു. പൂര്‍ണ്ണമായും തമിഴ്‌നാട് പശ്ചാത്തലമാക്കുന്ന മലയാള ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ഇരുഭാഷകളും സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രം തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമായിരുന്നുവെന്ന് പറയുകയാണ് തമിഴ് സിനിമാസ്വാദകര്‍.

‘ഇതുപോലൊരു സിനിമ ഇതിന് മുന്‍പ് കണ്ടിട്ടേ ഇല്ല. ഒരു പ്യുവര്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരുന്നു ചിത്രം, പടം സൂപ്പറാ ഇരുക്ക്, മമ്മൂട്ടിയോടൊപ്പം നമ്മളും യാത്ര ചെയ്യുമ്പോലെയാണ് തോന്നിയത്, മമ്മൂട്ടി താ പടം. അവരെ സുത്തി താ സിനിമ പോകിറത്, തമിഴും മലയാളവും മമ്മൂട്ടി നല്ല രീതിയില്‍ സംസാരിക്കുന്നുണ്ട് ‘ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. തേനീ ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് അയല്‍ സംസ്ഥാനത്തേയ്ക്ക് മമ്മൂട്ടി ചിത്രത്തെ എത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്രോത്സവത്തില്‍ വലിയ രീതിയില്‍ ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്‌ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.