
ശോഭനയ്ക്ക് കൈ കൊടുത്ത് മോഹൻലാൽ, ശെരിക്കും ഇതാണ് ആദ്യ ചിത്രമെന്ന് തരുൺ മൂർത്തി
നീണ്ട പതിനനഞ്ച് വർഷത്തിന് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുകയാണ്. യുവാക്കളിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. L 360 എന്നാണ് ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലാണ് ചിത്രത്തിന് ആരംഭമായത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. ശെരിക്കും ഇതാണ് ആദ്യ സിനിമ എന്ന് കുറിച്ച് കൊണ്ടാണ് തരുൺ, സ്വിച്ചോൺ കർമ്മത്തിനിടയിലെ ചിത്രങ്ങൾ പങ്കുവെച്ചത്. മോഹൻലാലും ശോഭനയും കൈകൊടുക്കുന്ന ചിത്രവും തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രവുമായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കഥ കെ ആർ സുനിൽ, തിരക്കഥയെഴുതുന്നത് തരുൺ മൂർത്തിയും കെആർ സുനിലും ചേർന്നാണ്.