”അതൊരു സീക്രട്ട് റെസിപ്പിയാണ്”; ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ടെന്ന് മോഹൻലാൽ
1 min read

”അതൊരു സീക്രട്ട് റെസിപ്പിയാണ്”; ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ടെന്ന് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടെ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. അത്രയ്ക്കും ഹൈപ്പോടെയാണ് സിനിമയുടെ ഓരോ വിശേഷങ്ങളും പുറത്ത് വരുന്നത്. ഇതിനിടെ അടുത്ത ആഴ്ച മോഹൻലാലിന്റെ നേര് എന്ന സിനിമ തിയേറ്ററുകളിലെത്തുകയാണ്. നേരിന്റെ പ്രസ് മീറ്റിനിടെ വാലിബനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ ഉത്തരമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

മലയാള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോജക്ട് ആണ് മലൈകോട്ടൈ വാലിബന്‍, തിയേറ്ററില്‍ തീപാറുമോ? എന്ന ചോദ്യത്തോടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇതാദ്യം കഴിയട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ സംസാരിച്ചു തുടങ്ങിയത്. ”അത് വളരെ വ്യത്യസ്ത ജോണറിലുള്ള ഒരു സിനിമയാണ്. തീര്‍ച്ചയായും ആ സമയത്ത് ഇതുപോലെ നമുക്ക് ഒന്നുകൂടി സംസാരിക്കാം. അന്ന് ഭയങ്കരമായ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാം.

എല്ലാ സിനിമയും തുടങ്ങുമ്പോള്‍ ഇത് ഏറ്റവും നല്ല സിനിമയായി മാറണം എന്ന പ്രാര്‍ത്ഥനയോട് കൂടിയാണ് അതില്‍ എല്ലാവരും വര്‍ക്ക് ചെയ്യുന്നത്. പിന്നെ ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ട്, അത് അങ്ങനെ മാറിപ്പോകുന്നു. നിങ്ങള്‍ക്ക് തോന്നിയ ഒരു വികാരം ആ സിനിമയില്‍ ഉണ്ടെങ്കില്‍ അത് എക്‌സ്‌പെറ്റേഷന്‍ ആണ്. സിനിമ കണ്ടിട്ടേ പറയാന്‍ പറ്റുകയുള്ളു.

നമ്മള്‍ നമുക്ക് കിട്ടിയ ജോലി ചെയ്‌തെന്നേയുള്ളൂ. നമ്മുടെ കൂടെയുള്ളവരുടെ ഒപ്പം സഞ്ചരിക്കുന്നു. പുറത്തിറങ്ങി കഴിഞ്ഞാല്‍ ആണല്ലോ, ഞാന്‍ വിചാരിച്ചത് പോലെ പറ്റിയില്ല എന്നൊക്കെ മനസിലാവുക. സിനിമ എന്ന് പറയുന്നതൊരു സീക്രട്ട് റെസിപ്പിയാണ്. അതുകൊണ്ട് തീപാറട്ടെ”- മോഹൻലാൽ വ്യക്തമാക്കി.