”പൃഥ്വിയുടേത് നോക്കുമ്പോൾ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല”: അഭിനന്ദനങ്ങളുമായി മോഹൻലാൽ
1 min read

”പൃഥ്വിയുടേത് നോക്കുമ്പോൾ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല”: അഭിനന്ദനങ്ങളുമായി മോഹൻലാൽ

പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചിത്രത്തിന് പ്രശംസകൾ ലഭിക്കുകയാണ്. ഇതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ രം​ഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം സംസാരിച്ചത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്.

”പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി എനിക്ക് തോന്നിയിട്ടില്ല. എന്നെ തലകുത്തി നിർത്തിച്ചു എന്നല്ലേ ഉള്ളൂ. ഈ പടത്തിൽ ചെയ്യിച്ചത് എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ഇനി അടുത്ത സിനിമയിൽ എന്നെക്കൊണ്ട് ഇതിലും വലുത് ചെയ്യിക്കാനായിരിക്കും ബ്ലെസി പ്ലാൻ ചെയ്യുന്നത്.

എല്ലാവരും പറയുന്നത് ബ്ലെസി ഒരു സിനിമക്ക് വേണ്ടി ഓരോരുത്തരോടും ക്രൂരമായി പെരുമാറുമെന്ന്. പക്ഷേ അത് ഒരിക്കലും ക്രൂരതയല്ല. ഒരു സംവിധായകൻ അയാളുടെ മനസിൽ ആഗ്രഹിക്കുന്നത് സ്‌ക്രീനിൽ മാക്‌സിമം പെർഫക്ഷനോടെ എത്തിക്കാൻ എടുക്കുന്ന എഫർട്ടുകളാണ് അതൊക്കെ. അയാൾ നമ്മളോടല്ലാതെ വേറെ ആരോടാണ് അങ്ങനെയൊക്കെ ചെയ്യാന് പറയുന്നത്.

ആടുജീവിതത്തിന്റെ ടാഗ് ലൈനായ ‘എവരി ബ്രെത്ത് ഈസ് എ ബാറ്റിൽ’, ഓരോ ശ്വാസവും ഒരു യുദ്ധമാണ് എന്നത് സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും ചേരുന്ന ഒന്നാണ്.കാരണം ഓരോരുത്തരും അത്രത്തോളം കഷ്‌ടപ്പെട്ടിട്ടുണ്ട്. കൊറോണയുടെ സമയത്ത് ഇവർ ജോർദാനിൽ കുടുങ്ങിയ സമയത്ത് ക്രൂവിലെ അംഗങ്ങളെ വിളിച്ച് അവരെ ഓക്കെയാക്കാൻ ഞാൻ ശ്രദ്ധിച്ചു. മറ്റെല്ലാവരെയും പോലെ ഞാനും ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു.” എന്നാണ് ആടുജീവിതം ഓഡിയോ ലോഞ്ചിനിടെ മോഹൻലാൽ പറഞ്ഞത്.

പത്മരാജന്റെ സഹ സംവിധായകനായാണ് ബ്ലെസ്സി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സ്വതന്ത്ര സംവിധായകനായി വെറും 7 സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ പ്രതിഭ അടയാളപ്പെടുത്താനും ബ്ലെസ്സിക്ക് സാധിച്ചു. പത്മരാജന്റെ ‘ഓർമ്മ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് 2005- ൽ മോഹൻലാൽ ചിത്രം ‘തന്മാത്ര’ എന്ന തന്റെ രണ്ടാം സിനിമ ബ്ലെസ്സി സംവിധാനം ചെയ്യുന്നത്. ഏറെ പ്രേക്ഷക -നിരൂപക പ്രശംസകൾ നേടിയ ചിത്രം ഇന്നും മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്. എട്ടാമത്തെ സിനിമയായ ‘ആടുജീവിതം’ ബ്ലെസ്സിയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. 10 വർഷത്തോളമെടുത്തു ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയാവാൻ.

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ച് മെലിഞ്ഞത് വലിയ വാർത്തയായിരുന്നു. യഥാർത്ഥ നജീബിന്റെ ശരീരപ്രകൃതിയിലേക്കെത്താൻ പൃഥ്വിരാജ് ചെയ്ത ഹാർഡ്വർക്കിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു.19 കിലോയാണ് ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാവും ആടുജീവിതം എന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്. മലയാളത്തിലെ മറ്റൊരു മികച്ച സർവൈവൽ- ത്രില്ലർ ചിത്രമായിരിക്കും ആടുജീവിതമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നു.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാർച്ചിൽ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് ജോർദാൻ, അൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയിൽ കോവിഡ് കാലത്ത് സംഘം ജോർദാനിൽ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.